ഒമാനില്‍ എണ്ണക്കപ്പല്‍ മറിഞ്ഞു; കാണാതായവരില്‍ 13 ഇന്ത്യന്‍ ജീവനക്കാരും
ഒമാനില്‍ എണ്ണക്കപ്പല്‍ മറിഞ്ഞ് കണാതായ 16 ജീവനക്കാരില്‍ 13 പേര്‍ ഇന്ത്യക്കാര്‍. മൂന്ന് പേര്‍ ശ്രീലങ്കന്‍ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കൊമോറോസ് പതാക വഹിക്കുന്ന പ്രെസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടതെന്ന് ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. യെമന്‍ തുറമുഖമായ ഏദനിലേക്കുള്ള യാത്രയില്‍ ഒമാനിലെ ദുക്മ് തുറമുഖത്തിന് സമീപത്താണ് കപ്പല്‍ മറിഞ്ഞത്.
റാസ് മദ്രക്കയില്‍ നിന്ന് തെക്കുകിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള തുറമുഖ പട്ടണമാണ് ദുക്മ്. തിങ്കളാഴ്ച ഉണ്ടായ സംഭവത്തില്‍ ഇപ്പോഴും ജീവനക്കാരെ കണ്ടെത്താനായിട്ടില്ല. കപ്പല്‍ മുങ്ങി തലകീഴായി മറിഞ്ഞതായാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് കപ്പലിന്റെ നിലയെന്താണെന്നും കടലിലേക്ക് എണ്ണയൊഴുകിയിട്ടുണ്ടോ എന്നും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2007 ലാണ് 117 മീറ്റര്‍ നീളമുള്ള പ്രെസ്റ്റീജ് ഫാല്‍ക്കണ്‍ നിര്‍മ്മിക്കുന്നത്. മാരിടൈം അധികൃതരും ഒമാന്‍ അധികൃതരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് നേരെ ഹൂതി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. പ്രെസ്റ്റീജ് അപകടത്തിന് ഇതുമായി ബന്ധമുണ്ടെന്ന സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.