
ഒമാന്‍ പര്യടനം: കേരളം 2-1ന് മുന്നില്‍
ഒമാന്‍ ചെയര്‍മാന്‍സ് ഇലവനുമായുള്ള മൂന്നാം ഏകദിന മല്‍സരത്തില്‍ കേരള ടീമിന് 76 റണ്‍സ് വിജയം. ഇതോടെ നാല് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ കേരളം 2-1ന് മുന്നിലെത്തി. 45 ഓവര്‍ വീതമാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന്‍ ടീമിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് മാത്രമാണ് എടുക്കാനായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി മുന്‍നിര ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. അഭിഷേക് നായരും രോഹന്‍ കുന്നുമ്മലും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 59 റണ്‍സ് പിറന്നു. അഭിഷേക് നായര്‍ 22 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും മൊഹമ്മദ് അസറുദ്ദീനും ചേര്‍ന്ന് നേടിയ 156 റണ്‍സാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രോഹന്‍ 130ഉം അസറുദ്ദീന്‍ 78ഉം റണ്‍സെടുത്തു. 95 പന്തുകളില്‍ 18 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. പരമ്പരയില്‍ രോഹന്റെ രണ്ടാം സെഞ്ച്വറിയാണ് ഇത്. കേരളം ജയിച്ച ആദ്യ മല്‍സരത്തിലും രോഹന്‍ സെഞ്ച്വറി നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന്‍ ചെയര്‍മാന്‍സ് ഇലവന് വേണ്ടി മൂന്ന് പേര്‍ മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചത്. ജതീന്ദര്‍ സിങ് 60ഉം മുജീബൂര്‍ അലി 40ഉം, സുഫ്യാന്‍ മെഹ്‌മൂദ് 49ഉം റണ്‍സെടുത്തു. തുടര്‍ന്ന് എത്തിയവര്‍ അവസരത്തിനൊത്ത് ഉയരാതെ പോയതോടെ ഒമാന്‍ ചെയര്‍മാന്‍സ് ഇലവന്റെ മറുപടി 219ല്‍ അവസാനിച്ചു.കേരളത്തിന് വേണ്ടി ബേസില്‍ എന്‍ പി മൂന്നും ബിജു നാരായണന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാമത്തെ മത്സരത്തില്‍ ജയിച്ച കേരളം രണ്ടാമത്തെ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.