
ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തിയതിന് മോഡിയോട് നന്ദി പറഞ്ഞ് ഒമർ അബ്ദുള്ള
ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറഞ്ഞ് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന മോഡിയുടെ ഉറപ്പും അധികം വൈകാതെ പാലിക്കപ്പെടുമെന്നതിൽ ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
തിങ്കളാഴ്ച സോനമാർഗ് തുരങ്കം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് നരേന്ദ്ര മോഡിയും ഒമർ അബ്ദുള്ളയും കണ്ടുമുട്ടിയത്. ശ്രീനഗറിനെയും സോനമാർഗിനെയും ബന്ധിപ്പിക്കുന്ന, 6.5 കിലോമീറ്റർ നീളമുള്ള തുരങ്കമാണ് തുറന്നത്. 2700 കോടി രൂപയിലധികം ചെലവാണ് തുരങ്കം നിർമ്മിക്കാൻ ആവശ്യമായത്. 12 കിലോമീറ്റർ നീളമുള്ള തുരങ്കപദ്ധതിയുടെ ഭാഗമായിട്ടുള്ളതാണ് സോനമാർഗ് തുരങ്കം. 2028ൽ അവസാനിക്കുമെന്ന് ലക്ഷ്യം വയ്ക്കുന്ന സോജില തുരങ്കവും കൂടെ തുറന്നു കൊടുക്കുമ്പോൾ, ശ്രീനഗർ താഴ്വാരവും ലഡാക്കും തമ്മിലുള്ള, നാഷണൽ ഹൈവേ ഒന്നിലെ 49 കിലോമീറ്റർ ദൂരം എന്നത് 43 കിലോമീറ്ററായി കുറയ്ക്കാനും, വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 30 കിലോമീറ്റർ എന്നതിൽ നിന്നും മണിക്കൂറിൽ 70 കിലോമീറ്റർ എന്ന നിലയിലേക്ക് കൊണ്ട് വരാനും കഴിയും.
ജമ്മു കാശ്മീരുമായി വളരെ കാലമായി ബന്ധമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡി, വീണ്ടും വീണ്ടും ജമ്മു കാശ്മീർ സന്ദർശിക്കണമെന്നും, ഞങ്ങൾക്കൊപ്പം, ഞങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരണമെന്നും ഒമർ അബ്ദുള്ള പറഞ്ഞു. അതേസമയം സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് മോഡി മൗനം പാലിച്ചു.