
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു
ലോകസഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ബില്‍ പരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി വിടുമെന്ന് സര്‍ക്കാര്‍ സഭയെ അറിയിച്ചു.
കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ലോകസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിനെ 269 പേര്‍ അനുകൂലിച്ചു. 198 പേര്‍ എതിര്‍ത്തു.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ബില്‍ ജെപിസിക്ക് വിടുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്. ജെപിസിയുടെ നിര്‍ദ്ദേശങ്ങളെ മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള ശുപാര്‍ശ മുന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഈ സെപ്തംബര്‍ 18-ന് കേന്ദ്ര മന്ത്രിസഭ റിപ്പോര്‍ട്ട് അംഗീകരിച്ചു.