
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ജെപിസി വിപുലീകരിച്ചു
കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബിൽ പഠിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതി വിപുലീകരിച്ചു. കേരളത്തിൽ നിന്നുള്ള കെ രാധാകൃഷ്ണൻ ഉൾപ്പടെ ലോക്സഭയിൽ നിന്നും 27 അംഗങ്ങളും, രാജ്യസഭയിൽ നിന്നും 12 അംഗങ്ങളും ചേർന്ന 39 പേരുടെ സംയുക്ത സമിതിയാണ് വിഷയം പഠിക്കുക. നേരത്തെ ലോക്സഭയിൽ നിന്നും 21ഉം രാജ്യസഭയിൽ നിന്നും 10ഉം അംഗങ്ങളായിരുന്നു.
ബിജെപിയിൽ നിന്നുള്ള പി പി ചൗധരിയാണ് ജെപിസി അധ്യക്ഷൻ. കോൺഗ്രസിൽ നിന്നും പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി തുടങ്ങിയവരും, എൻസിപിയിൽ(ശരദ് പവാർ) നിന്നും സുപ്രിയ സുലേ, തൃണമൂൽ കോൺഗ്രസിൽ നിന്നും കല്യാൺ ബാനർജി എന്നിവരാണ് സമിതിയിലുള്ള പ്രമുഖർ. അതാതു രാഷ്ട്രീയ കക്ഷികൾ നിർദ്ദേശിക്കുന്നവരെയാണ് സ്പീക്കർ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബിൽ അവതരിപ്പിച്ച സമയത്തെ വോട്ടെടുപ്പിൽ 269 എംപിമാർ ബില്ലിനെ അനുകൂലമായി വോട്ട് ചെയ്തപ്പോൾ 198 എംപിമാർ ബില്ലിനെ എതിർത്തു. സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും ഒരേ സമയം നടത്തുന്നതിനായുള്ള ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബില്ലാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാനും, ഇടക്കിടെ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് പെരുമാറ്റ ചട്ടങ്ങൾ മൂലവും, സർക്കാർ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കേണ്ടി വരുന്നതിനാലും പല വികസന പ്രവർത്തനങ്ങളും തടസ്സപ്പെടുന്നുവെന്നും വാദിച്ചാണ് ബിൽ അവതരിപ്പിച്ചത്. ബിൽ നിയമമായാൽ അത് ഫെഡറലിസത്തെ തകർക്കുമെന്നും, കേന്ദ്രസർക്കാരിന്റെ ന്യായീകരണങ്ങൾ ശരിയല്ലെന്നും വാദിച്ചു കൊണ്ട് പ്രതിപക്ഷ മുന്നണി രംഗത്തെത്തിയിരുന്നു.