TMJ
searchnav-menu
post-thumbnail

TMJ Daily

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ അംഗം

18 Dec 2024   |   1 min Read
TMJ News Desk

കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, രണ്‍ദീപ് സുര്‍ജേവാല, സുഖ്ദിയോ ഭഗത് എന്നിവര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ അംഗങ്ങളാകും. ഒരേസമയം ലോകസഭയിലേക്കും സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്താനുള്ള രണ്ട് ബില്ലുകള്‍ ഇന്നലെയാണ് ലോകസഭയില്‍ അവതരിപ്പിച്ചത്.

ഈ കരട് ബില്ലുകള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഒരു ഭരണഘടനാ ഭേദഗതി ബില്ലും ഒരു സാധാരണ ബില്ലുമാണ് ഇന്നലെ പാര്‍ലമെന്റില്‍ എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഈ ബില്ലുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി പറഞ്ഞു.

'ഇത് നമ്മുടെ രാജ്യത്തിന്റെ ഫെഡറലിസത്തിന് എതിരാണ്. ഞങ്ങള്‍ ഈ ബില്ലിനെ എതിര്‍ക്കുന്നു,' അവര്‍ പറഞ്ഞു.

കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് രണ്ട് ബില്ലുകളും അവതരിപ്പിച്ചത്. ഈ ബില്ലുകള്‍ ഫെഡറല്‍ വിരുദ്ധമാണെന്നും ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ഭരണഘടന (129-ാമത് ഭേദഗതി) ബില്‍ ആയി മന്ത്രി അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വോട്ടിട്ടശേഷമാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കുന്നതിന് അനുകൂലമായി 263 പേരും എതിര്‍ത്ത് 198 പേരും വോട്ട് ചെയ്തു.

ഇതൊരു തിരഞ്ഞെടുപ്പ് പരിഷ്‌കരണം അല്ലെന്നും കേവലം ഒരു മാന്യന്റെ ആഗ്രഹവും സ്വപ്‌നവും സാക്ഷാത്കരിക്കുന്നതാണെന്നും തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി പറഞ്ഞു. ഈ ബില്ലുകള്‍ സംസ്ഥാന നിയമസഭയുടെ ഓട്ടോണമി കവരുമെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment