സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം: യുവാവിന് നഷ്ടമായത് 19 ലക്ഷം
സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി ജെറിന്‍ വി ജോസിന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 19 ലക്ഷം രൂപ നഷ്ടമായി. ഓണ്‍ലൈന്‍ ലിങ്ക് വഴി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. വീട്ടില്‍ നിന്ന് തന്നെ ജോലിചെയ്യാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമാണെന്ന വ്യാജേനയാണ് ഈ മാസം 1 നും 12 നും ഇടയില്‍ വിവിധ അക്കൗണ്ടുകളിലേക്കായി പണം അയപ്പിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ ഇന്ദ്രജിത്ത്, ദീപ്തി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇരയാകുന്നവര്‍ നിരവധി
കൊല്ലം ജില്ലയില്‍ ഈ വര്‍ഷം നടന്നത് മൂന്നരക്കോടി രൂപയുടെ തട്ടിപ്പാണ്. ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ഈ വര്‍ഷം കൊല്ലം സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത് 17 പേരെയായിരുന്നു. കൊല്ലം സ്വദേശിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് ആന്ധ്ര സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെയ്സ്ബുക്ക് പരസ്യം വഴി വ്യാജ ഷെയര്‍ബ്രോക്കര്‍ ആപ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പെരുമണ്‍ സ്വദേശിക്ക് നഷ്ടപ്പെട്ടത് 32 ലക്ഷം രൂപയാണ്. സംഭവത്തില്‍ തൃശൂര്‍ സ്വദേശിയായ വികാസ് എന്ന വ്യക്തിയെ ഏപ്രിലില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെയ്സ്ബുക്ക് പരസ്യം വഴി തന്നെ വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഉളിയോക്കോവില്‍ സ്വദേശി 42.5 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് ഇരയായത്. കേസില്‍ കോഴിക്കോട് സ്വദേശി അശ്വിനെയും, ഇരവിപുരം സ്വദേശിയില്‍ നിന്നും 56.4 ലക്ഷം രൂപ തട്ടിയ കേസില്‍ മുഹമ്മദ് സാഹിര്‍, സജാസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓണ്‍ലൈനായി ജോലി അന്വേഷിച്ച കൊല്ലം സ്വദേശി 30 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായ കേസില്‍ കാലടി സ്വദേശിയായ മുഹമ്മദ് സാഹിലിനെ മാര്‍ച്ചിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാര്‍ടൈം ജോലിയിലൂടെ സമ്പാദിക്കാം എന്ന വ്യാജ പരസ്യങ്ങള്‍ വഴി നിരവധി പേരാണ് സംസ്ഥാനത്ത് തട്ടിപ്പിനിരയാകുന്നത്. ഇടുക്കി സ്വദേശിനിക്ക് 25 ലക്ഷം രൂപയും മൂന്നാര്‍ സ്വദേശിനിക്ക് 15 ലക്ഷം രൂപയും നഷ്ടമായ കേസില്‍ മലപ്പുറം സ്വദേശികളായ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ടെലഗ്രാം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചുകൊണ്ട് തട്ടിപ്പ് നടത്തുന്ന കേസുകളാണ് ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.