TMJ
searchnav-menu
post-thumbnail

TMJ Daily

ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം: കൊല്ലത്ത് നടന്നത് മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് 

30 May 2024   |   1 min Read
TMJ News Desk

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. കൊല്ലം ജില്ലയില്‍ ഈ വര്‍ഷം നടന്നത് മൂന്നരക്കോടി രൂപയുടെ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ഈ വര്‍ഷം കൊല്ലം സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത് 17 പേരെയാണ്. കൊല്ലം സ്വദേശിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് ആന്ധ്ര സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പരസ്യം വഴി വ്യാജ ഷെയര്‍ബ്രോക്കര്‍ ആപ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പെരുമണ്‍ സ്വദേശിക്ക് നഷ്ടപ്പെട്ടത് 32 ലക്ഷം രൂപയാണ്. സംഭവത്തില്‍ തൃശൂര്‍ സ്വദേശിയായ വികാസ് എന്ന വ്യക്തിയെ ഏപ്രിലില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെയ്‌സ്ബുക്ക് പരസ്യം വഴി തന്നെ വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഉളിയോക്കോവില്‍ സ്വദേശി 42.5 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് ഇരയായത്. കേസില്‍ കോഴിക്കോട് സ്വദേശി അശ്വിനെയും, ഇരവിപുരം സ്വദേശിയില്‍ നിന്നും 56.4 ലക്ഷം രൂപ തട്ടിയ കേസില്‍ മുഹമ്മദ് സാഹിര്‍, സജാസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈനായി ജോലി അന്വേഷിച്ച കൊല്ലം സ്വദേശി 30 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായ കേസില്‍ കാലടി സ്വദേശിയായ മുഹമ്മദ് സാഹിലിനെ മാര്‍ച്ചിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പാര്‍ടൈം ജോലിയിലൂടെ സമ്പാദിക്കാം എന്ന വ്യാജ പരസ്യങ്ങള്‍ വഴി നിരവധി പേരാണ് തട്ടിപ്പിനിരയാകുന്നത്. ഇടുക്കി സ്വദേശിനിക്ക് 25 ലക്ഷം രൂപയും മൂന്നാര്‍ സ്വദേശിനിക്ക് 15 ലക്ഷം രൂപയും നഷ്ടമായ കേസില്‍ മലപ്പുറം സ്വദേശികളായ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ടെലഗ്രാം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചുകൊണ്ട് തട്ടിപ്പ് നടത്തുന്ന കേസുകളാണ് ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.



#Daily
Leave a comment