TMJ
searchnav-menu
post-thumbnail

Representational image: PTI

TMJ Daily

ദേശീയ സെൻസസിൽ ആറ് മതങ്ങൾ മാത്രം; മാറ്റങ്ങളോടെ 31 ചോദ്യങ്ങൾ

27 May 2023   |   2 min Read
TMJ News Desk

പുതിയ മാറ്റങ്ങളോടെ 2021 സെൻസസിന്റെ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു. മെയ് 22ന് ഡൽഹിയിൽ പുതിയ സെൻസസ് കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ചോദ്യങ്ങളടങ്ങിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പ്രത്യേക മതമായി കണക്കാക്കണമെന്ന് നിരവധി സമുദായങ്ങളിൽ നിന്ന് ആവശ്യമുയരുന്ന സാഹചര്യത്തിലും സെൻസസിൽ ആറ് മതവിഭാഗങ്ങളെ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന മതങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റ് മതങ്ങളിലുൾപ്പെടുന്നവർക്ക് മതത്തിന്റെ പേര് പൂർണമായി എഴുതാൻ നിർദേശങ്ങൾ നല്കിയിട്ടുണ്ടെങ്കിലും പ്രത്യേക കോഡ് ലഭ്യമല്ല. ഝാർഖണ്ഡ്, ഛത്തീസ്ഗഡ്്, ഒഡിഷ എന്നിവിടങ്ങളിലെ പ്രകൃതിയെ ആരാധിക്കുന്ന ആദിവാസികളും കർണാടകയിലെ ലിംഗായത്തുകളും തങ്ങളുടെ വിശ്വാസത്തെ പ്രത്യേക മതമായി ഉൾപ്പെടുത്താൻ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.  

ഇവകൂടാതെ വീടുകളിലെ പ്രധാന കുടിവെള്ള സ്രോതസുകളിൽ, പാക്കേജ് ചെയ്തതോ, കുപ്പിവെള്ളമോ ഉപയോഗിക്കുന്നുണ്ടോ? അടുക്കളയിൽ എൽപിജി അല്ലെങ്കിൽ പിഎൻജി കണക്ഷൻ ഉണ്ടോ? സ്മാർട്ട്‌ഫോണുകളുടെ എണ്ണം, കുടുംബത്തിൽ ഉപയോഗിക്കുന്ന പ്രധാന ധാന്യം തുടങ്ങിയവയും സെൻസസിലെ ചോദ്യങ്ങളിൽ ഉൾപ്പെടുന്നു. ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ കുടിയേറ്റത്തിനുള്ള കാരണങ്ങളിൽ പുതുതായി പ്രകൃതി ദുരന്തങ്ങൾ എന്ന ഓപ്ഷനും കൂട്ടിച്ചേർത്തു.    

കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2021ലെ സെൻസസ് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. എന്നാൽ പുതിയ സെൻസസ് ഷെഡ്യൂൾ ഇതുവരെ പുറത്തിറക്കിയിട്ടില്ല. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് സജ്ജീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ സെൻസസ് ചോദ്യങ്ങൾ ഡിജിറ്റലായി പൂരിപ്പിക്കുന്നതിനുളള സൗകര്യങ്ങൾ ലഭിക്കുന്നതായിരിക്കും. ആദ്യ ഘട്ടത്തിലേയ്ക്കുള്ള 31 ചോദ്യങ്ങളാണ് ഇപ്പോൾ വിജ്ഞാപനം ചെയ്തിട്ടുള്ളത്. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പിനായുള്ള 28 ചോദ്യങ്ങൾക്ക് അന്തിമ രൂപം നല്കിയിട്ടുണ്ടെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല.

ആശങ്കയുയർത്തി പുതിയ പ്രഖ്യാപനം

ജനന, മരണ രജിസ്റ്റർ വോട്ടർപ്പട്ടികയുമായി ബന്ധിപ്പിക്കാൻ പുതിയ നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉയർത്തുന്നത് നിരവധി ചോദ്യങ്ങളാണ്. പത്ത് വർഷം കൂടുമ്പോൾ പൂർത്തിയാക്കേണ്ട സെൻസസ് നടപടിക്രമങ്ങൾ അനന്തമായി നീണ്ടുപോകുന്ന അവസരത്തിലാണ് പുതിയ പ്രഖ്യാപനം.  

2021 ൽ 16-ാം സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതായിരുന്നു. സെൻസസ് വൈകുന്നത് ക്ഷേമപദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അടിയന്തരമായി അത് പൂർത്തിയാക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം ഉദാസീനത തുടരുകയാണ്. ജനന, മരണ സ്ഥിതിവിവര കണക്കുകളുടെ ഡാറ്റാബേസ് ഉപയോഗിച്ച് ജനസംഖ്യാ രജിസ്റ്റർ, വോട്ടർപ്പട്ടിക, ആധാർ, റേഷൻകാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് ഡാറ്റാബേസുകൾ പുതുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കിയാൽ ആ കണക്കുകൾ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ഉപയോഗിക്കുമോയെന്ന ആശങ്കയുമുണ്ട്.

പൗരത്വ നിയമഭേദഗതിക്കും (സിഎഎ) പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരെ രാജ്യവ്യാപക പ്രക്ഷോഭം ഉയർന്നതോടെ അവ നടപ്പാക്കുന്നതിൽനിന്ന് മോദിസർക്കാർ താൽക്കാലികമായി പിന്മാറി. എന്നാൽ ജനന, മരണ ഡാറ്റാബേസ് സിഎഎക്കും എൻആർസിക്കും ഉപയോഗിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ജനസംഖ്യയിൽ ഏറ്റവും മുന്നിലുള്ള രാജ്യത്ത് ജനനം രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നവരുടെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന ചോദ്യം പ്രസക്തമാണ്. അസമിലും മറ്റും  ജനനസർട്ടിഫിക്കറ്റ് ഇല്ലാത്ത നിരവധി കുട്ടികൾ എൻആർസിയിൽനിന്ന് പുറത്തായി. പല സംസ്ഥാനങ്ങളിലും ജനന, മരണ രജിസ്ട്രേഷൻ കൃത്യമായി നടക്കുന്നില്ലെന്നത് യാഥാർഥ്യമാണ്. കൃത്യമായ സംവിധാനത്തിന്റെ അഭാവത്തിൽ ജനസംഖ്യയുടെ വലിയൊരുവിഭാഗം ഔദ്യോഗികരേഖകളിൽ ഇല്ലാതാകുമോയെന്ന ചോദ്യത്തിനും മറുപടി ആവശ്യപ്പെടുന്നുണ്ട്.


#Daily
Leave a comment