TMJ
searchnav-menu
post-thumbnail

TMJ Daily

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്: മൂന്നു പേര്‍ കുറ്റക്കാര്‍ 

27 Mar 2023   |   1 min Read
TMJ News Desk

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ കുറ്റക്കാര്‍. 88-ാം പ്രതി ദീപകിന് മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. 18-ാം പ്രതി സിഒടി നസീര്‍, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.  കേസില്‍ ആകെയുണ്ടായിരുന്ന 113 പേരില്‍ 110 പേരെയും കോടതി വെറുതെ വിട്ടു. 

2013 ഒക്ടോബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം. അഞ്ചുവര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ് കണ്ണൂര്‍ സെഷന്‍സ് കോടതിയുടെ വിധി. 

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ സംഘം ചേര്‍ന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണു കേസ്. കല്ലേറില്‍ ഉമ്മന്‍ചാണ്ടിക്ക് പരുക്കേറ്റിരുന്നു. ഒപ്പം കാറില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.സി ജോസഫ്, ടി. സിദ്ദിഖ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. 

വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് അക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് എഫ്ഐആറില്‍ പറഞ്ഞത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തിയ ഉപരോധ സമരത്തിനിടെയാണ് അക്രമം നടന്നത്.


#Daily
Leave a comment