TMJ
searchnav-menu
post-thumbnail

TMJ Daily

ചാറ്റ്ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ ലാഭാധിഷ്ഠിത കമ്പനിയാവുന്നു  

27 Sep 2024   |   2 min Read
TMJ News Desk

ചാറ്റ്ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ ഇനി മുതല്‍ ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായി മാറുന്നു. നിക്ഷേപകരേ കമ്പനി കൂടുതല്‍ ആകര്‍ഷകമാക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. ആദ്യമായി കമ്പനിയില്‍ ഇക്വിറ്റി നേടുന്നയാളായി ചീഫ് എക്സിക്യൂട്ടീവ് സാം ആള്‍ട്ട്മാനുമുണ്ട്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒന്നായിട്ടാണ് ഓപ്പണ്‍ എഐ നേരത്തെ നില നിന്നിരുന്നത്.  

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ എഐ തുടര്‍ന്നും നിലനില്‍ക്കുമെന്നും ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ന്യൂനപക്ഷ ഓഹരി അതിനുണ്ടാകുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. പുതിയ നിര്‍വ്വഹണരീതിയില്‍ എഐ അപകടസാധ്യതകള്‍ കമ്പനി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ നിലയില്‍ കമ്പനിയെ പുനഃസംഘടിപ്പിച്ചതിന് ശേഷം 150 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാക്കി കമ്പനിയെ മാറ്റും. നിക്ഷേപകര്‍ക്കുള്ള വരുമാനത്തിന്റെ പരിധി നീക്കം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് കമ്പനി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന എഐ നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഞങ്ങളുടെ ദൗത്യത്തില്‍ വിജയിക്കാന്‍ ഞങ്ങള്‍ ഏറ്റവും മികച്ച നിലയിലാണെന്ന് ഉറപ്പാക്കാന്‍ ബോര്‍ഡുമായി ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ലാഭേച്ഛയില്ലാത്തതാണ് ഞങ്ങളുടെ ദൗത്യത്തിന്റെ കാതല്‍, അത് നിലനില്‍ക്കും എന്ന് ഓപ്പണ്‍ എഐ വക്താവ് പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട എഐ കമ്പനികളിലൊന്നായ ചാറ്റ്ജിപിടിയുടെ പിന്നില്‍ സംഭവിക്കുന്ന സുപ്രധാന മാറ്റങ്ങളാണിവ. അഭിഭാഷകരുമായും ഓഹരി ഉടമകളുമായും പദ്ധതി ഇപ്പോഴും ചര്‍ച്ച ചെയ്യുകയാണ്. പുനഃസംഘടന പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി അനിശ്ചിതത്വത്തിലാണെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സ്റ്റാര്‍ട്ടപ്പിലെ തന്നെ നേതൃത്വ മാറ്റങ്ങള്‍ക്കിടയിലാണ് പുനഃസംഘടന. ഓപ്പണ്‍ എഐയുടെ ദീര്‍ഘകാല ചീഫ് ടെക്‌നോളജി ഓഫീസറായ മീര മുറാത്തി ബുധനാഴ്ച കമ്പനിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ഓപ്പണ്‍ എഐയുടെ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാനും നിലവില്‍ അവധിയില്‍ തുടരുകയാണ്.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു എഐ ഗവേഷണ സംഘടനയായ ഓപ്പണ്‍ എഐ 2015ലാണ് സ്ഥാപിതമായത്. പിന്നീട് 2019 ല്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ എഐ എല്‍പി എന്റിറ്റിയെ അതിന്റെ ലാഭേച്ഛയില്ലാത്ത ഒരു അനുബന്ധ സ്ഥാപനമായി ചേര്‍ത്തു. തുടര്‍ന്ന്  മൈക്രോസോഫ്റ്റില്‍ നിന്ന് മൂലധനം ലഭ്യമാക്കി. 2022 ല്‍ ചാറ്റ് ജിപിടിയുടെ വരവോടുകൂടി അത് ആഗോളശ്രദ്ധ പിടിച്ചുപറ്റി. എഴുതി നല്‍കുന്ന ചോദ്യങ്ങളോട് മനുഷ്യനെപ്പോലെ മറുപടി നല്‍കുന്ന  നിര്‍മ്മിത എഐ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ ഇവ ഉപയോക്താക്കള്‍ക്കിടയില്‍ സജീവമായി. പ്രതിവാരം 200 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള, ചരിത്രത്തില്‍ തന്നെ അതിവേഗം വളരുന്ന ആപ്പ്‌ളിക്കേഷനിലൊന്നായി ചാറ്റ്ജിപിടി മാറി. ആഗോളതലത്തില്‍ വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യക്ക് ഇത് തുടക്കമിടുകയായിരുന്നു.

ചാറ്റ്ജിപിടിയുടെ വിജയത്തോടൊപ്പം, ഓപ്പണ്‍ എഐയുടെ മൂല്യം 2021ലെ 14 ബില്യണ്‍ ഡോളറില്‍ നിന്നും 150 ബില്യണ്‍ ഡോളറായി കുത്തനെ ഉയര്‍ന്നു. കണ്‍വെര്‍ട്ടിബിള്‍ ഡെറ്റ് റൗണ്ട് (ഭാവിയില്‍ ഇക്വിറ്റിയായോ ഓഹരിയായോ മാറ്റാവുന്ന നിക്ഷേപം) ചര്‍ച്ചയില്‍ ത്രൈവ് ക്യാപിറ്റല്‍, ആപ്പിള്‍  പോലുള്ള നിക്ഷേപകരെ ചാറ്റ് ജിപിടി ആകര്‍ഷിക്കുന്നതിന് കാരണവും ഇതാണ്.


#Daily
Leave a comment