
ഓപ്പണ്‍എഐയുടെ ടാസ്‌ക് വരുന്നു; സിരിയ്ക്കും അലക്‌സയ്ക്കും ഭീഷണി
വെര്‍ച്വല്‍ അസിസ്റ്റന്റ് രംഗത്ത് ആപ്പിളിന്റെ സിരിയോടും ആമസോണിന്റെ അലക്‌സയോടും മത്സരിക്കുന്നതിനായി ജനറേറ്റീവ് നിര്‍മ്മിത ബുദ്ധി രംഗത്തെ വമ്പന്‍മാരായ ഓപ്പണ്‍എഐ എത്തുന്നു. ടാസ്‌ക് എന്ന പേരില്‍ വെര്‍ച്വല്‍ അസിസ്റ്റന്‍റിനെ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.
ചാറ്റ്ജിപിടിയുടെ ഉപയോക്താക്കള്‍ക്ക് ഭാവിയില്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യാന്‍ ടാസ്‌കിനോട് ആവശ്യപ്പെടാം. സംഗീതപരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ഓര്‍മ്മിപ്പിക്കുക, എല്ലാ ആഴ്ചയിലേയും വാര്‍ത്താ സംഗ്രഹം ലഭ്യമാക്കുക അല്ലെങ്കില്‍ ദിവസംതോറുമുള്ള കാലാവസ്ഥാ അറിയിപ്പ് പോലുള്ള പതിവായി ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ടാസ്‌കിനെ ഏല്‍പ്പിക്കാം.
ഉപയോക്താവിന്റെ ചാറ്റുകളെ അടിസ്ഥാനപ്പെടുത്തി ചാറ്റ്ജിപിടിയും ജോലികള്‍ നിര്‍ദ്ദേശിക്കാം. അതിനെ ഉപയോക്താവിന് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.
2022ല്‍ ചാറ്റ്ജിപിടി അവതരിപ്പിച്ചതിനെ തുടര്‍ന്ന് എഐ രംഗത്ത് വന്‍തോതില്‍ നിക്ഷേപങ്ങള്‍ ആരംഭിച്ചു. ആമസോണ്‍ നഷ്ടത്തിലായിരുന്ന അലക്‌സയ്ക്ക് ജനറേറ്റീവ് നിര്‍മ്മിത ബുദ്ധി ശേഷികള്‍ നല്‍കി പുനരുദ്ധരിക്കുകയും ജനറേറ്റീവ് എഐ അധിഷ്ഠിത ചാറ്റ്‌ബോട്ടുകളുമായി മത്സരിക്കാന്‍ ശേഷിയുള്ളതാക്കി മാറ്റുകയും ചെയ്തിരുന്നു.
ഉപയോക്താക്കള്‍ ആവശ്യപ്പെടാതെ തന്നെ പ്രവൃത്തികള്‍ ചെയ്യാന്‍ ശേഷിയുള്ള അലക്‌സയെ വരും മാസങ്ങളില്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പറഞ്ഞിരുന്നു.
അതേസമയം, ആപ്പിള്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയെ സിരിയിലേക്ക് ആപ്പിള്‍ സന്നിവേശിപ്പിച്ചു. മൈക്രോസോഫ്റ്റ് നിക്ഷേപം നടത്തിയിട്ടുള്ള സ്റ്റാര്‍ട്ടപ്പായ ചാറ്റ്ജിപിടിയുടെ ശേഷികള്‍ ആപ്പിള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇരുകമ്പനികളും തമ്മില്‍ സഹകരണമുണ്ട്.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ ചാറ്റ്ജിപിടിയുടെ പ്ലസ്, ടീം, പ്രോ ഉപയോക്താക്കള്‍ക്ക് ബീറ്റാ വെര്‍ഷന്‍ ലഭ്യമാക്കി തുടങ്ങുമെന്ന് ഓപ്പണ്‍എഐ പറഞ്ഞു.


