
ഓപ്പറേഷന്‍ ഡി ഹണ്ട്: 14 ദിവസത്തില്‍ അറസ്റ്റിലായത് 1787 പേര്‍
സംസ്ഥാന വ്യാപകമായി ലഹരി മരുന്നിനെതിരെ നടത്തുന്ന ഓപ്പറേഷന്‍ ഡി ഹണ്ടില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ അറസ്റ്റിലായത് 1,787 പേര്‍. ഇക്കാലയളവില്‍ 1,686 കേസുകളും രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 573.551 ഗ്രാം എംഡിഎംഎയും 204.82 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഏപ്രില്‍ 15 മുതല്‍ 28 വരെയുള്ള കണക്കാണിത്.
ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഏപ്രില്‍ 15 മുതല്‍ 21 വരെ 15,530 വ്യക്തികളെയും ഏപ്രില്‍ 22 മുതല്‍ 28 വരെ 14,848 വ്യക്തികളേയും പരിശോധിച്ചു. ഈ രണ്ടാഴ്ചകളില്‍ വലിയ അളവില്‍ വില്‍പന നടത്തുന്ന 16 കേസുകളും 56 ഇടത്തരം കേസുകളും ഉള്‍പ്പെടെ ആകെ 1,686 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 28 വരെ ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി 1,61,425 വ്യക്തികളെയാണ് ആകെ പരിശോധിച്ചത്. വലിയ അളവില്‍ വില്പന നടത്തിയ 92 കേസുകളും 304 ഇടത്തരം കേസുകളും ഉള്‍പ്പെടെ ആകെ 12,024 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 12,627 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 6.684 കിലോ എം ഡി എം എയും 820.029 കിലോ കഞ്ചാവും പിടിച്ചെടുത്തു.
സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ഡ്രഗ് ഇന്റലിജന്‍സ് സംവിധാനത്തിലൂടെ ഏപ്രില്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 338 സോഴ്‌സ് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറി.
സോഴ്‌സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരിയില്‍ വച്ച് 4.47 കിലോ കഞ്ചാവും എറണാകുളത്ത് 0.686 ഗ്രാം എം ഡി എം എയും കാസര്‍ഗോഡ് 11 കിലോഗ്രാം കഞ്ചാവും പിടികൂടി. തൊട്ടു മുന്‍പത്തെ ആഴ്ച ട്രെയിന്‍ മാര്‍ഗ്ഗം കൊച്ചിയിലേക്ക് കടത്താന്‍ ശ്രമിച്ച 5.15 കിലോ കഞ്ചാവും, അങ്കമാലി ആലുവ ഭാഗത്ത് വില്‍പ്പനയ്ക്കായി ട്രെയിന്‍ മാര്‍ഗ്ഗം എത്തിക്കാന്‍ ശ്രമിച്ച 9.5 കിലോ കഞ്ചാവും, ഒറീസയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 18.09 കിലോ കഞ്ചാവും പിടികൂടി.
കേരള റെയില്‍വേ പോലീസ് ഏപ്രില്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനകളില്‍ 8 കേസുകളിലായി 11 കിലോ കഞ്ചാവ് പിടികൂടി.
മയക്കുമരുന്നിനെതിരെ പഴുതടച്ച പ്രതിരോധം എക്‌സൈസും തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ 22 മുതല്‍ 27 വരെ സംസ്ഥാന എക്‌സൈസ് 37.071 കിലോഗ്രാം കഞ്ചാവ്, 70.551 ഗ്രാം എംഡിഎംഎ, 29.961 ഗ്രാം മെത്താംഫെറ്റാമൈന്‍, 31.887 ഗ്രാം ഹെറോയിന്‍, 3.115 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തു. 288 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 271 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ ക്യാംപെയിന്‍ കര്‍മ്മപദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ യോഗം ചേര്‍ന്നുവെന്നും നാലാംഘട്ട ക്യാംപെയിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നുവെന്നുംം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 26 ലോക ലഹരിവിരുദ്ധദിനത്തില്‍ ഈ ക്യാംപെയിന്‍ ആരംഭിക്കും.


