ഓപ്പറേഷൻ ഹോപ്പ്; കാണാതായ നായക്കായ് തിരച്ചിൽ തുടരുന്നു
ഓപ്പറേഷൻ ഹോപ്പ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന നായക്കായി തിരച്ചിൽ തുടരുന്നു. കൊളംബിയയിൽ, വിമാനം തകർന്ന് ആമസോൺ വനത്തിൽ അകപ്പെട്ട കുട്ടികളെ രക്ഷിച്ച സംഘത്തിലെ നായയെ ആണ് കാണാതായിരിക്കുന്നത്. ദൗത്യ സംഘത്തോടൊപ്പം കാട്ടിലെത്തിയ വിൽസൺ എന്ന നായയെ മെയ് 18 നാണ് കാണാതായത്. നായ തങ്ങൾക്കൊപ്പം നാല് ദിവസത്തോളം ഉണ്ടായിരുന്നെന്നും, ക്ഷീണിച്ചിരുന്നെന്നും കുട്ടികൾ പറഞ്ഞു. ഒന്നര വർഷം സൈന്യത്തിലുണ്ടായിരുന്ന, കമാൻഡോ പരിശീലനം ലഭിച്ച നായയാണ് വിൽസൺ.
അത്ഭുതകരമായ അതിജീവനം
കൊളംബിയൻ ആമസോൺ വനത്തിൽ 40 ദിവസം അതിജീവിക്കാൻ കുട്ടികൾ കഴിച്ചത് കപ്പപ്പൊടിയും ഭക്ഷ്യയോഗ്യമായ വിത്തുകളും വേരുകളും ചെടികളും പഴവർഗങ്ങളും. ആമസോൺ വനമേഖലയിലെ ഗോത്രവിഭാഗങ്ങളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് കപ്പപ്പൊടി. അപകടത്തിൽ പെട്ടതിന്റെ ആദ്യ ദിവസങ്ങൾ കുട്ടികൾ തള്ളിനീക്കിയത് കപ്പപ്പൊടി കഴിച്ചാണ്. അതവർ വിമാനയാത്രയിൽ ഒപ്പം കരുതിയതായിരുന്നു. കുട്ടികളെ കണ്ടെത്തുമ്പോൾ കഷ്ടിച്ച് ശ്വാസമെടുക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നെന്ന് തിരച്ചിൽ സംഘം പറഞ്ഞു.
കാടിനെ കുറിച്ച് മുതിർന്ന കുട്ടിക്ക് ധാരണയുണ്ടായിരുന്നു അതുകൊണ്ട് തന്നെ ഭക്ഷ്യയോഗ്യമായ വിത്തുകളും ചെടികളും തിരിച്ചറിയാൻ സാധിച്ചു എന്നും കൊളംബിയയിലെ നാഷണൽ ഇൻഡിജിനസ് ഓർഗനൈസേഷൻ അറിയിച്ചു. കൂട്ടത്തിലെ 13 കാരി ലെസ്‌ലിയാണ് ഈ കഥയിലെ ഹീറോ, അവൾ ഇളയ കുട്ടികൾക്ക് കരുത്തു നൽകി. അവൾക്ക് കാടിനെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു എന്ന് കൊളംബിയൻ പ്രതിരോധമന്ത്രി ഇവാൻ വലെസ്‌കസ് പറയുന്നു. അച്ഛൻ മാനുവൽ റണോക്കും മുത്തച്ഛൻ ഫിഡെൻഷ്യോ വലെൻസിയയും ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിക്കുകയും അവർ സുഖമായിരിക്കുന്നെന്ന് അറിയിക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ അവർക്ക് സാധാരണ കഴിക്കാറുള്ള ഭക്ഷണങ്ങൾ ഒന്നും തന്നെ കഴിക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്.
കുട്ടികളെ കണ്ടെത്തിയത് 40 ദിവസത്തിനു ശേഷം
കൊളംബിയയിൽ വിമാനം അപകടത്തിൽപെട്ട് ആമസോൺ കാടുകളിൽ കാണാതായ 4 കുട്ടികളെ കണ്ടെത്തിയത് 40 ദിവസത്തെ തിരച്ചിലിനൊടുവിലാണ്. പതിനൊന്ന് മാസവും, നാലും ഒമ്പതും പതിമൂന്നും വയസുള്ള നാല് കുട്ടികളാണ് അപകടത്തിൽ പെട്ടിരുന്നത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആണ് വാർത്ത പങ്കുവെച്ചത്. കുട്ടികളെ കണ്ടെത്തിയതിൽ രാജ്യം മുഴുവൻ സന്തോഷിക്കുന്നു എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
40 ദിവസം തുടർന്ന തിരച്ചിൽ
മെയ് ഒന്നിനാണ് കുട്ടികളും അമ്മയും സഞ്ചരിച്ചിരുന്ന സെസ്ന-206 അപകടത്തിൽ പെടുന്നത്. അപകടം നടന്ന് രണ്ടാഴ്ചക്ക് ശേഷമാണ് തകർന്ന വിമാനം കണ്ടെത്തുന്നത്. പതിനൊന്ന് മാസം മാത്രം പ്രായമുള്ള നെരിമാൻ റോണോഖ് മക്കറ്റെ, നാല് വയസുള്ള ടിയാൻ നോറിയൽ, ഒൻപത് വയസുള്ള സോളിനി ജാക്കബോംബയെർ മക്കറ്റെ, പതിമൂന്ന് വയസുള്ള ലെസ്ലി ജാക്കബോംബയെർ മക്കറ്റൈ എന്നിവരെയാണ് ദുഷ്‌ക്കരമായ തിരച്ചിലിനുള്ളിൽ സൈന്യം കണ്ടെത്തിയത്. കൊളംബിയയിൽ കക്വെറ്റ, ഗ്വാവിയർ പ്രവിശ്യകൾക്കിടയിൽ വനത്തിലാണ് വിമാനം തകർന്നത്. അപകടത്തിൽ കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈയും പൈലറ്റും മരിച്ചിരുന്നു. വിമാനത്തിന്റെ എഞ്ചിൻ തകരാറിലായതുമൂലമാണ് അപകടം നടന്നത് എന്നാണ് റിപ്പോർട്ടുകൾ.
അപകടം നടന്ന ശേഷം കുട്ടികൾ വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് ഉൾവനത്തിലേക്ക് പോയതാകാം എന്നായിരുന്നു സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയ വിവരം. കുട്ടികൾ കാട്ടിൽ തന്നെ ഉണ്ടെന്ന വിവരം ഗിരിവർഗക്കാർ സൈന്യത്തെ അറിയിച്ചിരുന്നു. കുട്ടികൾ സുരക്ഷിതരായിരിക്കുന്നു എന്ന് മനസിലാക്കിയതോടെ അന്വേഷണം തുടരുകയായിരുന്നു. നൂറ് സൈനികരുടെയും പരിശീലനം ലഭിച്ച നായ്ക്കളുടേയും സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്.
മൃഗങ്ങളെയും ദുരിതപൂർണമായ കാലാവസ്ഥയും മനുഷ്യർക്ക് വാസയോഗ്യമല്ലാത്ത കൊടും കാടും കുട്ടികൾ അതിജീവിച്ചത് അത്ഭുതകരമാണ്. കുട്ടികൾ തങ്ങൾക്ക് നൽകിയത് സമ്പൂർണ അതിജീവനത്തിന്റെ ഉദാഹരണമാണെന്ന് പ്രസിഡന്റ് ഗുസ്താവോ പറഞ്ഞു. കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉണ്ടെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല.
ഓപ്പറേഷൻ ഹോപ്പ്
ഓപ്പറേഷൽ ഹോപ്പ് എന്നാണ് രക്ഷാപ്രവർത്തനത്തിന് നൽകിയ പേര്. അപകടസ്ഥലത്ത് നിന്ന് 500 മീറ്റർ ചുറ്റളവിൽ കുട്ടികളുടെ കാൽപാടുകൾ, കഴിച്ച ഭക്ഷണാവശിഷ്ടങ്ങൾ, മുതലായവ കണ്ടെത്തിയതോടെ കുട്ടികളെ കണ്ടെത്താനാവും എന്ന പ്രതീക്ഷ വർധിക്കുകയായിരുന്നു. ഇതോടെ തിരച്ചിൽ വേഗത്തിലാക്കി. സൈനീകരോടൊപ്പം സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നു.