
ഓപ്പറേഷന്‍ കെല്ലെര്‍: മൂന്ന് എല്‍ഇടി ഭീകരരെ വധിച്ചു
ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ കെല്ലെര്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഭീകരവിരുദ്ധ നടപടിയില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ (എല്‍ഇടി) ഭീകരരെ വധിച്ചു. ഓപ്പറേഷന്‍ കെല്ലെര്‍ എന്ന പേര് നല്‍കിയ ഈ നടപടി ഇന്നലെയാണ് ആരംഭിച്ചത്. ഉന്നത എല്‍ഇടി കമാന്‍ഡറും കൊല്ലപ്പെട്ടവരില്‍പെടുന്നു.
ദക്ഷിണ കശ്മീര്‍ ജില്ലയിലെ ഷുക്രൂ കെല്ലെര്‍ മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം ഓപ്പറേഷന്‍ കെല്ലെര്‍ നടത്തിയത്.
രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് നടത്തുന്ന ഈ ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഷാഹിദ് കുട്ടായി, അദ്‌നാന്‍ ഷാഫി എന്നീ ഭീകരര്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. മൂന്നാമത്തെ ഭീകരന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ഷോപ്പിയാന്‍ സ്വദേശിയായ കുട്ടായി 2023 മാര്‍ച്ചിലാണ് ഭീകരര്‍ക്കൊപ്പം ചേര്‍ന്നത്. എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന കുട്ടായി എല്‍ഇടിയുടെ ഉന്നത കമാന്‍ഡറാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഏപ്രില്‍ 26ന് അധികൃതര്‍ ഇയാളുടെ വീട് തകര്‍ത്തിരുന്നു.


