TMJ
searchnav-menu
post-thumbnail

TMJ Daily

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യ യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 13 അംഗങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കി

08 May 2025   |   1 min Read
TMJ News Desk

ന്ത്യ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 13 അംഗ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ വിവരിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന്‍ അടക്കം 15 രാജ്യങ്ങളാണുള്ളത്. ചൈനയെ ക്ഷണിച്ചപ്പോള്‍ പാകിസ്താനെ ക്ഷണിച്ചില്ല. സിയറാലിയോണിന് ഇന്ത്യയില്‍ നയതന്ത്ര പ്രതിനിധിയില്ലാത്തതിനാല്‍ പങ്കെടുത്തില്ല.

പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള പ്രതികരണമായിട്ടാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതെന്നും ഇന്ത്യ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചതല്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി നയതന്ത്ര പ്രതിനിധികളോട് വിശദീകരിച്ചു.

ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളായ രാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികളോടും ഇന്ത്യ സാഹചര്യം വിശദീകരിക്കും. കഴിഞ്ഞ ദിവസം പാകിസ്താന്റെ ആവശ്യപ്രകാരം സുരക്ഷാ കൗണ്‍സില്‍ ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥ ചര്‍ച്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ ആണ് ചര്‍ച്ച നടന്നത്.

26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് പകരമായി കൃത്യമായ കണക്കുകൂട്ടലുകളോടെ നടത്തിയ തിരിച്ചടിയാണ് ഇന്ത്യ നടത്തിയതെന്ന് കൂടിക്കാഴ്ച്ചയില്‍ മിശ്രി ആവര്‍ത്തിച്ചു പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ദി റസിസ്റ്റന്‍സ് ഫ്രണ്ടിനെ സംരക്ഷിക്കുന്നതിലൂടെ പാക്കിസ്താനാണ് സാഹചര്യം വഷളാക്കിയതെന്നും മിശ്രി പറഞ്ഞു. പാകിസ്താന്‍ നടത്തുന്ന ഏതൊരു സൈനിക നടപടിയോടും ഇന്ത്യ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ സ്ഥിരാംഗങ്ങളുടേയും അല്‍ജീരിയ, ഡെന്‍മാര്‍ക്ക്, ഗ്രീസ്, ഗയാന, പനാമ, ദക്ഷിണ കൊറിയ, സ്ലോവേനിയ, സൊമാലിയ എന്നീ താല്‍ക്കാലിക അംഗങ്ങളുടേയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഈ രാജ്യങ്ങള്‍ മിശ്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. പാകിസ്താനും താല്‍ക്കാലിക അംഗമാണ്. രണ്ടുവര്‍ഷമാണ് കാലാവധി.

ഇന്ത്യ സാഹചര്യം വഷളാക്കിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഒമ്പത് കേന്ദ്രങ്ങളെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും അത് കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മോസ്‌കുകളിലെ സാധാരണക്കാരെ ഇന്ത്യ ലക്ഷ്യമിട്ടോയെന്ന് യുകെയുടെ പ്രതിനിധി ലിന്‍ഡി കാമറൂണ്‍ മിശ്രിയോട് ആരാഞ്ഞു. ഇന്ത്യ ലക്ഷ്യമിട്ടത് ഭീകര ക്യാമ്പുകളെയാണെന്ന് മിശ്രി മറുപടി നല്‍കി.









#Daily
Leave a comment