
ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യ-പാക് നയതന്ത്രതല ബന്ധം ആരംഭിച്ചു
ഇന്ത്യയുടേയും പാകിസ്താന്റേയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കന്മാരായ അജിത് ദോവലും ലെഫ്റ്റനന്റ് ജനറല്‍ അസിം മാലിക്കും ഇരുരാജ്യങ്ങളുടേയും ഹൈക്കമ്മീഷനുകളും തമ്മില്‍ ബന്ധം പുലര്‍ത്തുന്നതായി റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ പാക് ഭൂപ്രദേശത്തിനുള്ളില്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് നയതന്ത്രതലത്തില്‍ ബന്ധമുള്ളതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ഇസ്ലാമാബാദിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി ഗീതിക ശ്രീവാസ്തവ പ്രധാന ഇടനിലക്കാരുമായി ബന്ധം പുലര്‍ത്തുന്നു. ഇന്ത്യ പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും ആക്രമണം നടത്തിയതില്‍ പ്രതിഷേധിക്കാന്‍ ഗീതികയെ പാക് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും എന്‍എസ്എയുമായ മാര്‍ക്കോ റൂബിയോ അജിത് ദോവലുമായി ചര്‍ച്ച നടത്തിയശേഷമാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ബന്ധപ്പെട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുരാജ്യങ്ങളുടേയും എന്‍എസ്എമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നതായി പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ധര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബന്ധം പുലര്‍ത്തുന്നുവെന്നാല്‍ ചര്‍ച്ചയല്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം പാകിസ്താന്‍ ആക്രമിച്ചാല്‍ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തുന്നു.