
ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയുടെ പിഎല്‍-15 മിസൈലുകളെ ഇന്ത്യ വീഴ്ത്തി
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താനിലെ ഭീകരരേയും അവരുടെ അടിസ്ഥാന സൗകര്യങ്ങളേയുമാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടതെന്നും പാക് സൈന്യത്തെ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇന്ത്യയുടെ എല്ലാ സൈനിക കേന്ദ്രങ്ങളും സുരക്ഷിതമാണെന്നും രാജ്യത്തിനെതിരായ ഏതൊരു ഭീഷണിയേയും നേരിടാന്‍ സജ്ജമാണെന്നും കര, നാവിക, വ്യോമ സേനകളുടെ പ്രതിനിധികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എയര്‍ മാര്‍ഷല്‍ എ കെ ഭാരതി, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലഫ്റ്റനന്റ് ജനറല്‍ രാജാവ് ഘായ്, നേവി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ എ എന്‍ പ്രമോദ്, എസ്ഡിജി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ മേജര്‍ ജനറല്‍ എസ് എസ് ശാര്‍ദ എന്നിവര്‍ പങ്കെടുത്തു.
പാക് സൈന്യം ഉപയോഗിച്ച ചൈനയുടെ പിഎല്‍-15 മിസൈലുകളെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്ന് സൈന്യം അറിയിച്ചു. ഈ മിസൈലിന്റെ അവശിഷ്ടങ്ങള്‍ സൈന്യം പ്രദര്‍ശിപ്പിച്ചു. തുര്‍ക്കിയുടെ യിഹ, സോങ്കാര്‍ ഡ്രോണുകളും ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടിരുന്നു. അവയും പ്രദര്‍ശിപ്പിച്ചു. പാകിസ്താനി മിറാഷ് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളും സൈന്യം പ്രദര്‍ശിപ്പിച്ചു.
ഇന്ത്യയുടെ ബഹുതല വ്യോമ പ്രതിരോധമാണ് പാകിസ്താന്റെ ആക്രമണങ്ങളെ തകര്‍ത്തതെന്ന് സൈന്യം പറഞ്ഞു. ഏതൊരു സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആക്രമണത്തേയും നേരിടാന്‍ സജ്ജമാണെന്നും പറഞ്ഞു.


