
ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ
25 ഇന്ത്യാക്കാരും ഒരു നേപ്പാള്‍ സ്വദേശിയും കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് പകരമായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യയുടെ വ്യോമസേന ഇന്ന് പുലര്‍ച്ചെ 1.44 ഓടെ പാക്കിസ്താനിലും പാക് അധിനിവേശ കശ്മീരിലും സ്ഥിതി ചെയ്യുന്ന ഭീകരരുടെ കേന്ദങ്ങളില്‍ ആക്രമണം നടത്തി. 12 ഭീകരര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് പരിക്കേറ്റു. പാകിസ്താന്റെ സൈനിക സൗകര്യങ്ങള്‍ ലക്ഷ്യമിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ലഷ്‌കര്‍ ഇ തോയ്ബ (എല്‍ഇടി), ജെയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ നിരോധിത ഭീകര സംഘടനകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്.
അതിര്‍ത്തി കടന്നുള്ള ഭീകര ആസൂത്രണത്തിന്റെ വേരുകളെ ലക്ഷ്യമിട്ട് പാക്കിസ്താനിലേയും പാക് അധിനിവേശ ജമ്മുകശ്മീരിലേയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി രാത്രിയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നിരീക്ഷിച്ചു. നീതി നടപ്പിലാക്കിയെന്ന് ഇന്ത്യന്‍ ആര്‍മിയുടെ പബ്ലിക് റിലേഷന്‍സ് അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ പറഞ്ഞു. ഭാരത് മാതാ കീ ജയ് എന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് എക്‌സില്‍ കുറിച്ചു.
പാകിസ്താന് നല്‍കിയ തിരിച്ചടിയെക്കുറിച്ച് ഇന്ത്യ വിദേശരാജ്യങ്ങളോട് വിശദീകരിച്ചു. യുഎസ്, യുകെ, സൗദി അറേബ്യ, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി.
ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സംഭാഷണം നടത്തിയിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ധരംശാല, ലേ, ജമ്മു, ശ്രീനഗര്‍, അമൃത്സര്‍ അടക്കമുള്ള ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടുണ്ട്. പാകിസ്താനിലേക്കുള്ള വിമാനസര്‍വീസ് ഖത്തര്‍ എയര്‍വേസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഇന്ത്യ ആക്രമണം നടത്തിയെന്ന് പാകിസ്താന്‍ സ്ഥിരീകരിച്ചു. ഇന്ത്യയുടെ ആക്രമണത്തില്‍ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും 35 പേര്‍ക്ക് പരിക്കേറ്റുവെന്നും പാകിസ്താന്‍ പറഞ്ഞു. മോസ്‌ക്കുകളും വാസകേന്ദ്രങ്ങളും അടക്കമുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയാണ് ആക്രമിച്ചതെന്ന് പാകിസ്താന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജറല്‍ അഹമ്മദ് ഷരീഫ് ചൗധരി പറഞ്ഞു.
ഇന്ത്യ പാക് വ്യോമാതിര്‍ത്തി കടന്നില്ലെന്ന് പാകിസ്താന്‍ പറയുന്നു. ഇന്ത്യയുടെ വ്യോമമേഖലയില്‍ നിന്നു കൊണ്ടാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതെന്ന് പാക് ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ധര്‍ എക്‌സില്‍ കുറിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയിലെ മുറിദ്‌കെ, ബഹവല്‍പൂര്‍, നിയന്ത്രണരേഖയിലെ കോട്‌ലി, മുസാഫറാബാദ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയെന്നും ധര്‍ സ്ഥിരീകരിച്ചു.
പാക് സൈന്യത്തിന് പ്രതികരിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ് പറഞ്ഞു. ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ നടപടി യുദ്ധമാണെന്നും ഷെറീഫ് പറഞ്ഞു. അഞ്ച് സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ പിഒകെയില്‍ മൂന്ന് മിസൈലുകള്‍ വിക്ഷേപിച്ചുവെന്ന് പാകിസ്താന്‍ പറയുന്നു. പാകിസ്താന്‍ രണ്ട് ഇന്ത്യന്‍ ജെറ്റുകളും ഒരു ഡ്രോണും വെടിവച്ചിട്ടുവെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അവകാശപ്പെട്ടുവെന്ന് റോയിറ്റേഴ്‌സിനോട് റിപ്പോര്‍ട്ട് ചെയ്തു.


