
ഓപ്പറേഷന്‍ സിന്ദൂര്‍; ലക്ഷ്യങ്ങള്‍ കൈവരിച്ചു, 100 ഓളം ഭീകരരെ വധിച്ചു: ഇന്ത്യ
ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യങ്ങള്‍ കൈവരിച്ചുവെന്നും ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നുവെന്നും ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പറഞ്ഞു. പാകിസ്താന്‍ എന്തെങ്കിലും വികൃതി കാണിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണി മുതല്‍ ഇരുരാജ്യങ്ങളും വെടിവയ്പ്പും മറ്റ് സൈനിക ആക്രമണങ്ങളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യങ്ങളുടെ മുന്നറിയിപ്പ് വന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നിട്ടും രാത്രിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിരുന്നു.
ഇന്ത്യയുടെ കരസേനയുടെ തലവന്‍ ജനറല്‍ ഉപേന്ദ്ര ദ്വിവേദി പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യം സൈനിക കമാന്‍ഡര്‍മാര്‍ക്കൊപ്പം വിലയിരുത്തി. പാകിസ്താന്‍ എന്തെങ്കിലും ലംഘനം നടത്തിയാല്‍ പരമ്പരാഗത നടപടികളിലൂടെ തിരിച്ചടി നല്‍കാന്‍ കമാന്‍ഡര്‍മാര്‍ക്ക് ദ്വിവേദി അധികാരം നല്‍കി. മിസൈല്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള നടപടികളാണ് പരമ്പരാഗത രീതിയിലെ ആക്രമണരീതി.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, ജനങ്ങളുടെ സുരക്ഷ എന്നിവയ്ക്ക് ഭീഷണി ഉയര്‍ന്നാല്‍ ശക്തമായി നടപടി സ്വീകരിക്കുമെന്ന് മൂന്ന് സേനങ്ങളുടേയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ലെഫ്റ്റനന്റ് ജനറല്‍ ഘായ് പറഞ്ഞു. നൂറില്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്‌സ മുദാസിര്‍ അഹമ്മദ് തുടങ്ങിയ കൊടുംഭീകരര്‍ കൊല്ലപ്പെട്ടു. ഇവരെല്ലാം 1999ലെ കണ്ഡഹാര്‍ വിമാന റാഞ്ചലിലും 2019ലെ പുല്‍വാമ ആക്രമണത്തിലും പങ്കെടുത്തവരാണ്. 35 മുതല്‍ 40 വരെ പാക് സൈനികരും കൊല്ലപ്പെട്ടു.


