
ഓപ്പറേഷന്‍ സിന്ദൂര്‍: വ്യോമസേനയ്ക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഭീകരരുടെ ക്യാമ്പുകള്‍ ആക്രമിക്കുമെന്ന് പാകിസ്താനെ അറിയിച്ചിരുന്നുവെന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയെ ചോദ്യം ചെയ്ത് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ആക്രമണം ആരംഭിക്കുന്നത് പാകിസ്താനെ അറിയിച്ചത് കുറ്റകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ ഓപ്പറേഷനെ കുറിച്ച് പാകിസ്താനെ അറിയിക്കാന്‍ ആരാണ് മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി ചോദിച്ചു. എത്ര യുദ്ധ വിമാനങ്ങള്‍ വ്യോമ സേനയ്ക്ക് നഷ്ടമായിയെന്നും രാഹുല്‍ ചോദിച്ചു.
ഇന്ത്യയുടെ യുദ്ധ വിമാനങ്ങള്‍ വീഴ്ത്തിയെന്ന് പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇക്കാര്യം സമ്മതിച്ചിട്ടില്ല. അതേസമയം, ഇന്ത്യ വിദേശരാജ്യങ്ങളില്‍നിന്നും വാങ്ങിയ യുദ്ധവിമാനങ്ങളെ ചൈന പാകിസ്താന് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് വീഴ്ത്തിയതിനെ കുറിച്ച് ആ രാജ്യങ്ങള്‍ അന്വേഷണം ആരംഭിച്ചുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് രാഹുല്‍ ഉന്നയിച്ചത്.
രാഹുല്‍ ഗാന്ധി വസ്തുതകളെ തെറ്റായി ചിത്രീകരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഭീകര ക്യാമ്പുകളെ ആക്രമിക്കുമെന്ന് പാക് സര്‍ക്കാരിനെ ഇന്ത്യ സൈനിക നടപടിക്ക് മുമ്പ് അറിയിച്ചിരുന്നുവെന്ന് ജയശങ്കര്‍ വ്യാഴാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാക് സൈന്യത്തെ ആക്രമിക്കുകയില്ലെന്നും പാകിസ്താനെ അറിയിച്ചിരുന്നു.
അതിനാല്‍, പാക് സൈന്യത്തിന് ഇതില്‍ ഇടപെടാതിരിക്കാമെന്നും ജയശങ്കര്‍ പറഞ്ഞു. എന്നാല്‍ അവര്‍ ആ നല്ല ഉപദേശം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


