TMJ
searchnav-menu
post-thumbnail

TMJ Daily

ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത് ക്ലിനിക്കല്‍ പ്രിസിഷനില്‍: ഇന്ത്യ

07 May 2025   |   2 min Read
TMJ News Desk

ഹല്‍ഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും പാകിസ്താന്‍ സ്വന്തം മണ്ണിലെ ഭീകരര്‍ക്കെതിരെ ഒരു നടപടി പോലും സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ത്യ തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംയുക്തസേനയുടെ ഭാഗമായി കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും മിശ്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ഇന്ത്യ ഭീകരത്താവളങ്ങളെയാണ് ലക്ഷ്യം വച്ചത്. അതിര്‍ത്തി കടന്ന് ഭീകരര്‍ ഇനി ഇന്ത്യയിലേക്ക് വരാതിരിക്കുകയെന്ന ലക്ഷ്യത്തോടെ പാകിസ്താന് കീഴിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധത്തിലേക്ക് നയിക്കുന്നതൊന്നും ഇന്ത്യ പാകിസ്താനില്‍ ചെയ്തിട്ടില്ലെന്നും പാകിസ്താന്‍ പലപ്പോഴും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മിശ്രി ആരോപിച്ചു. ഇന്ത്യ ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണം യുദ്ധമാണെന്ന് പാക് ഭരണകൂടം പ്രതികരിച്ചിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് മിശ്രി ഇക്കാര്യം പറഞ്ഞത്.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്താന്‍ ഏറെക്കാലമായി സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന് മിശ്രി പറഞ്ഞു. ഇന്ത്യ നയതന്ത്രപരമായ ധാരാളം നടപടികള്‍ സ്വീകരിച്ചു. പാകിസ്താന്‍ അപ്പോഴെല്ലാം വിഷയം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു. ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുക എന്നത് പരമപ്രധാനമാണെന്നും തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചതെന്നും മിശ്രി കൂട്ടിച്ചേര്‍ത്തു.

കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ സിന്ദൂരെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് യാതൊരു കുഴപ്പവും വരാത്തവിധമുള്ള ആക്രമണം ഉറപ്പാക്കുംവിധമാണ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാകിസ്താന്‍ വളര്‍ത്തിയെടുത്ത ഭീകരകേന്ദ്രങ്ങളെ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി തകര്‍ത്തു. ഭാവല്‍പൂര്‍ മുതല്‍ മുസഫറാബാദ് വരെ ഒമ്പത് കേന്ദ്രങ്ങളെ പൂര്‍ണമായും തകര്‍ത്തു. സാധാരണക്കാരെ ഒഴിവാക്കി ഭീകരരെ മാത്രം ലക്ഷ്യമിട്ടുള്ള പ്രിസിഷന്‍ അറ്റാക്കാണ് നടത്തിയതെന്നും അവര്‍ പറഞ്ഞു.

ഇന്ത്യ തകര്‍ത്ത ഭീകര ക്യാമ്പുകളുടെ ചിത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.

കൊളാറ്ററല്‍ ഡാമേജ് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രണത്തിനുള്ള ആയുധങ്ങള്‍ തിരഞ്ഞെടുത്തത്. ഒരു സര്‍ജറി നടത്തുന്നത്ര ക്ലിനിക്കല്‍ പ്രിസിഷനോടെയാണ് ആക്രമണമെന്നും സോഫിയയും വ്യോമികയും പറഞ്ഞു. ആക്രമണത്തിന് തിരഞ്ഞെടുത്ത പാക് ഭീകര കേന്ദ്രങ്ങളെ കൃത്യമായി തകര്‍ത്തു. പാകിസ്താനിലെ സാധാരണക്കാരുടെ വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ ഒരു കേടുപാടും വരുത്താതെയുള്ള കൃത്യമായ ആക്രമണമാണ് നടത്തിയതെന്നും അവര്‍ പറഞ്ഞു. ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്ന് പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു.





#Daily
Leave a comment