
ഉത്തരാഖണ്ഡിലെ മദ്രസകളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ പഠിപ്പിക്കും
ഉത്തരാഖണ്ഡിലെ മദ്രസകളുടെ സിലബസില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ശൗര്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കി നല്‍കാനാണ് സിന്ദൂറിനെക്കുറിച്ച് പഠിപ്പിക്കുന്നതെന്ന് മദ്രസ ബോര്‍ഡ് തലവന്‍ മുഫ്തി ഷമൂണ്‍ ഖാസ്മി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് മുഫ്തി പ്രഖ്യാപനം നടത്തിയത്.
ഉത്തരാഖണ്ഡ് ദേവഭൂമി മാത്രമല്ല സൈനികരുടെ ഭൂമിയെന്ന് അര്‍ത്ഥമുള്ള വീര്‍ഭൂമി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ മാത്രമല്ല, മറ്റ് സൈനിക ഓപ്പറേഷനുകളെക്കുറിച്ചും മദ്രസയില്‍ പഠിപ്പിക്കും. പാകിസ്താനെ ദുഷ്ട രാജ്യമെന്നും മുഫ്തി വിശേഷിപ്പിച്ചു. പാകിസ്താനൊരു ദുഷ്ട രാജ്യമായതിനാല്‍ നമ്മുടെ പൗരന്‍മാരുടെ ജീവനെടുത്ത അവരെ നമ്മള്‍ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണം ഖുറാനോടുള്ള അനാദരവ് ആണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡില്‍ 451 മദ്രസകളിലായി 50,000ല്‍ അധികം വിദ്യാര്‍ത്ഥികളുണ്ട്. 2106ലെ ഉത്തരാഖണ്ഡ് മദ്രസ ബോര്‍ഡ് നിയമം അനുസരിച്ച് മദ്രസയില്‍ പഠിപ്പിക്കേണ്ട കരിക്കുലം തീരുമാനിക്കാനും പാഠപുസ്തകങ്ങളും മറ്റും തിരഞ്ഞെടുക്കാനും ബോര്‍ഡിന് അധികാരമുണ്ട്.
മഹാഭാരതവും രാമായണവും അടക്കമുള്ള ഹിന്ദു ഇതിഹാസങ്ങള്‍ സംസ്‌കൃതത്തിനൊപ്പം മദ്രസകളില്‍ പഠിപ്പിക്കുമെന്ന് നേരത്തെ മുഫ്തി പറഞ്ഞിട്ടുണ്ട്.


