
ഓപ്പറേഷന്‍ സിന്ദൂര്‍: സമ്മിശ്ര പ്രതികരണവുമായി ലോകനേതാക്കള്‍
ഇന്ത്യയുടെ സംയുക്ത സൈന്യം പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സമ്മിശ്ര പ്രതികരണവുമായി ലോക നേതാക്കള്‍. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രണം യുദ്ധമാണെന്നും തിരിച്ചടിക്കുമെന്നും പാകിസ്താന്‍ പറഞ്ഞിട്ടുണ്ട്.
'നിര്‍ഭാഗ്യകരം. ഭൂതകാലത്തിലെ ചിലതിനെ അടിസ്ഥാനപ്പെടുത്തി ചിലത് സംഭവിക്കാന്‍ പോകുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അവര്‍ വളരെക്കാലമായി യുദ്ധം ചെയ്യുകയാണ്. അവര്‍ പല, പല ദശാബ്ദങ്ങളായി യുദ്ധം ചെയ്യുകയാണ്. ഇത് വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു,' യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
അതേസമയം, ഇസ്രായേല്‍ ഇന്ത്യയെ പൂര്‍ണമായും പിന്തുണച്ചു. സ്വയംപ്രതിരോധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് അവര്‍ പറഞ്ഞു. സാധാരണക്കാരുടെ നേര്‍ക്കുള്ള കുറ്റകൃത്യങ്ങളില്‍നിന്നും ഒളിക്കാനൊരിടമില്ലെന്ന് ഭീകരര്‍ മനസ്സിലാക്കണമെന്നും ഇസ്രായേല്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. സംഘര്‍ഷം വളരെ പെട്ടെന്ന് തീരുമെന്ന ട്രംപിന്റെ പ്രതീക്ഷയെ റൂബിയോയും പങ്കുവച്ചു. സമാധാനപരമായ പരിഹാരത്തില്‍ എത്താന്‍ ഇന്ത്യ, പാക് നേതൃത്വങ്ങള്‍ ശ്രമിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂരില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആശങ്ക പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേഷ്യയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും ചര്‍ച്ചയിലൂടെ സാഹചര്യം സാധാരണ നിലയിലാക്കണമെന്നും ജപ്പാന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 22ന് കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നുവെന്നും ജപ്പാന്‍ പറഞ്ഞു.
ഇന്ത്യയുടെ സൈനിക നടപടി ഖേദകരമാണെന്ന് ചൈന പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ട്. ഇരുരാജ്യങ്ങളും സമാധാനത്തിന്റേയും സുസ്ഥിരതയുടേയും താല്‍പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.


