TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

ഓപ്പറേഷൻ ത്രിനേത്ര : സൈന്യം ഭീകരനെ വധിച്ചു

06 May 2023   |   2 min Read
TMJ News Desk

മ്മു കശ്മീരിലെ രജൗറി ജില്ലയിലെ കൺഠി വനമേഖലയിൽ ഇന്ത്യൻ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നതായി റിപ്പോർട്ടുകൾ. വനമേഖലയിലെ ഗുഹകളിൽ തമ്പടിച്ചിരിക്കുന്ന ഭീകരരെ എതിരിടുന്നതിന് വേണ്ടി ഓപ്പറേഷൻ ത്രിനേത്രയുടെ ഭാഗമായി ഇന്ത്യൻ സൈനിക സേന മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ബരാമുള്ളയിലെ കർഹാമ കുൻസർ മേഖലയിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച കൺഠിയിൽ ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. മേജർ അടക്കമുള്ള നാല് സൈനികർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1.15 മുതൽ സൈന്യം തീവ്രവാദികൾക്കെതിരെ വെടിവയ്പ്പാരംഭിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രജൗറി സന്ദർശിച്ചേക്കും.

നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും ജമ്മു കശ്മീർ പൊലീസ് ഡിജിപിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമാണ് തീവ്രവാദികൾക്കെതിരെ നടത്തുന്ന ഓപ്പറേഷന് മേൽനോട്ടം വഹിക്കുന്നത്. സൈന്യത്തിലെ എലൈറ്റ് സ്‌പെഷ്യൽ ഫോഴ്‌സിലെ സംഘത്തിൽ ഉൾപ്പെടുന്ന സൈനികരാണ് ഐഇഡി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. കൺഠിയിലെ കേസരി മലനിരകളിൽ ഭീകരർക്കായുള്ള തിരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു പ്രത്യേക സംഘത്തിനു നേരെ ആക്രമണം. രണ്ട് സൈനികർ സംഭവസ്ഥലത്ത് വെച്ചും മൂന്നുപേർ ഉദ്ദംപൂരിലെ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. രുചിൻ സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), സിദ്ധാന്ത് ചെത്രി (പശ്ചിമ ബംഗാൾ), അരവിന്ദ് കുമാർ (ഹിമാചൽ പ്രദേശ്), നീലം സിംഗ് (ജമ്മു കശ്മീർ), പ്രമോദ് നേഗി (ഹിമാചൽ പ്രദേശ്) എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പി.എ.എഫ്.എഫ്) എന്ന ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്. 

പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പി.എ.എഫ്.എഫ്)

ജമ്മു കശ്മീരിലും മറ്റ് പ്രദേശങ്ങളിലും നേരത്തെ തന്നെ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ജനുവരിയിൽ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പോഷക സംഘടനയാണ് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. സുരക്ഷാ സേനയ്ക്കും രാഷ്ട്രീയ നേതാക്കൾക്കും സാധാരണക്കാർക്കും ഒരു പോലെ ഭീഷണിയാണ് പിഎഎഫ്എഫ് എന്ന സംഘടനയെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ജമ്മു കശ്മീരിലും ഇന്ത്യയുടെ മറ്റ് പല സംസ്ഥാനങ്ങളിലും ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ ഈ സംഘടന നേതൃത്വം നൽകുന്നുവെന്നും ഉത്തരവിൽ പറയുന്നു. പിഎഎഫ്എഫ്, യുവാക്കളെ ഭീകരവാദപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നുവെന്നും അവർക്ക് ആയുധ പരിശീലനം നൽകുന്നുവെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് ഈ സംഘടന നേതൃത്വം നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ കണ്ടെത്തി. ഇക്കാരണങ്ങൾ കൊണ്ടാണ് യുഎപിഎ നിയമപ്രകാരം സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ഏറ്റുമുട്ടൽ തുടരുന്നു

കഴിഞ്ഞ രണ്ടാഴ്ചക്കിടെ സൈന്യത്തിന് സംഭവിക്കുന്ന വലിയ നഷ്ടമാണിത്. ഏപ്രിൽ 20 ന് പൂഞ്ചിൽ സൈനികർക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. അക്രമം നടത്തിയ ഭീകരരെ പിടികൂടാനുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് പുതിയ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. ബുധനാഴ്ചയാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. പൂഞ്ച്-രജൗറി മേഖലയിൽ ആയുധധാരികളായ പന്ത്രണ്ടോളം ഭീകരർ നിലയുറപ്പിച്ചിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഓപ്പറേഷൻ ത്രിനേത്രയുടെ ഭാഗമായി മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 2021 ഒക്ടോബറിൽ ഇതേപ്രദേശത്ത് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലും ഒൻപത് സൈനികർ കൊല്ലപ്പെട്ടിരുന്നു.

ഭീകരരെ പിടികൂടുന്നതിനായുള്ള അന്വേഷണത്തിന്റെ ഭാഗമായി 200 പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണം നടത്തുന്നതിന് വേണ്ടി സൈനികരെ സഹായിച്ചു എന്ന് കരുതുന്ന 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിലിടെ പൊലീസ് മർദിച്ചെന്നാരോപിച്ച് ഒരാൾ ആത്മഹത്യ ചെയ്തു. ഇതിനെ തുടർന്ന് ജനങ്ങൾ അശാന്തരാണ്. രജൗറി മേഖലയിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്.



#Daily
Leave a comment