PHOTO: PTI
ഇന്ത്യ പിടിക്കാന്‍ INDIA
സംയുക്ത പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്' (INDIA) എന്ന് പേര്. ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തിന്റെ രണ്ടാം ദിവസമാണ് ഏറെ ആലോചനകള്‍ക്ക് ശേഷം INDIA എന്ന പേര് സംയുക്തമായി തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പേര് പ്രഖ്യാപിച്ചത്.
ഇതിനോടകം തന്നെ സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ പേര് ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്, INDIA എന്ന് ചുരുക്കി എഴുതുന്നതാണ് കൗതുകത്തിന് കാരണം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പേര് പങ്കുവെച്ചിട്ടുണ്ട്.
26 പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. അടുത്ത യോഗം മുംബൈയിലാണ് നടക്കുക. അലയന്‍സ് (സഖ്യം) എന്ന പദം ഒഴിവാക്കി ഫ്രണ്ട് (മുന്നണി) എന്നാക്കാം എന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും ഭൂരിപക്ഷത്തിന്റെ തീരുമാനം INDIA എന്ന പേരിനോട് യോജിച്ചു കൊണ്ടായിരുന്നു. മുംബൈയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ യോഗത്തില്‍ 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും പ്രധാന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
ആവേശത്തില്‍ നേതാക്കള്‍
പ്രതിപക്ഷ സഖ്യത്തിന് INDIA എന്ന പേര് വന്നതോടെ ആവേശത്തിലാണ് നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍. INDIA യും നരേന്ദ്ര മോദിയും തമ്മിലായിരിക്കും പോരാട്ടം എന്ന് രാഹുല്‍ ഗാന്ധി. NDAയ്ക്ക് INDIAയെ വെല്ലുവിളിക്കാന്‍ കഴിയുമോ എന്നായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം. യോഗം ക്രിയാത്മകവും ഫലപ്രദവുമാണെന്നും മമത ബാനര്‍ജി പറഞ്ഞു. പേര് തീരുമാനിച്ചതിന് തൊട്ട് പിന്നാലെ ചക് ദേ INDIA എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറക് ഒബ്രിയന്‍ ട്വീറ്റ് ചെയ്തത്.
യുപിഎ ചെയര്‍പേഴ്‌സണായിരുന്ന സോണിയ ഗാന്ധി തന്നെ INDIA യെ നയിക്കുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണ്‍വീനര്‍ ആകുമെന്നുമാണ് നിലവില്‍ പുറത്തു വരുന്ന വിവരം.
വിമര്‍ശനവുമായി മോദി
ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ യോഗത്തെ രൂക്ഷമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചത്. പ്രതിപക്ഷ നേതാക്കള്‍ എല്ലാവരും ഒരു ഫ്രെയിമില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് അഴിമതിയാണ് ഓര്‍മ വരുന്നത്, അഴിമതിക്കാര്‍ക്ക് പ്രതിപക്ഷം ക്ലീന്‍ ചീറ്റ് നല്‍കിയിരിക്കുകയാണ്, അഴിമതിക്കാരുടെ സമ്മേളനമാണിതെന്നും മോദി വിമര്‍ശിച്ചു.