
കിഫ്ബി ബാധ്യതയാകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു: വി ഡി സതീശൻ
കിഫ്ബി റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ തീരുമാനിച്ചാൽ അത് അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും സർക്കാരിന്റെ ധൂർത്തും അഴിമതിയും പിൻവാതിൽ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്നും സതീശൻ ആരോപിച്ചു.
ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ വരുത്തിവച്ച ബാധ്യതകളും. ഇതെല്ലാം ജനങ്ങൾക്കു മേൽ വിവിധ മാർഗ്ഗങ്ങളിലൂടെ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്ന് സതീശൻ പറഞ്ഞു.
ബജറ്റിന് പുറത്ത് കടമെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന് പ്രതിപക്ഷം നിരവധി തവണ പറഞ്ഞതാണ്. വൻകിട പദ്ധതികളുടെ നടത്തിപ്പിനായി വിഭാവനം ചെയത കിഫ്ബി പക്ഷെ പൊതുമരാമത്ത് വകുപ്പ് ചെയ്തുകൊണ്ടിരുന്ന സാധാരണ പ്രവൃത്തികളാണ് നടത്തുന്നത്. സംസ്ഥാനത്തെ സഞ്ചിതനിധിയിൽ നിന്നാണ് കിഫ്ബിക്ക് പണം നൽകുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പണിയുന്ന റോഡുകൾക്കും പാലങ്ങൾക്കും ടോൾ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണ്.
കിഫ്ബിയിലെ തെറ്റായ ധനകാര്യ മാനേജ്മെന്റും ധൂർത്തും വരുത്തിവച്ച ബാധ്യതയുടെ പാപഭാരമാണ് ജനങ്ങളുടെ തലയിൽ ചുമത്താൻ ശ്രമിക്കുന്നത്. കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയപ്പോഴും പ്രതിപക്ഷം ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതാണ്.
ക്ഷേമപെൻഷൻ നൽകാനെന്ന വ്യാജേന ഇന്ധന സെസിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച സർക്കാർ റോഡുകളുടെയും പാലങ്ങളുടെയും ഉപയോഗത്തിനു കൂടി പണം ഈടാക്കുന്നത് അനുവദിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു.