വി ഡി സതീശൻ | Photo: PTI
അഴിമതി ആരോപണങ്ങൾ ശക്തമാക്കി പ്രതിപക്ഷം; വിവാദത്തിലകപ്പെട്ട് എഐ ക്യാമറ
എഐ ക്യാമറയെ ചൊല്ലിയുള്ള വിവാദങ്ങൾ കേരളാ രാഷ്ട്രീയത്തിൽ ചൂടുപിടിച്ച ചർച്ചയാകുന്നു. സേഫ് കേരള പദ്ധതിയുടെ മറവിൽ വൻ അഴിമതി ആരോപണങ്ങൾ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പദ്ധതിക്കെതിരെ വിമർശനമുന്നയിച്ചിരിക്കുകയാണ്. കേരളത്തിൽ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി നടത്താൻ മുഖ്യമന്ത്രിക്ക് മടിയില്ലാതായെന്നും കമ്മീഷൻ കൊടുത്താൽ എന്തും നടപ്പിലാക്കുമെന്നും സുധാകരൻ വിമർശിച്ചു.
കെൽട്രോൺ, എസ്ആർഐടി എന്നീ കമ്പനികൾക്ക് നോക്കുകൂലി ലഭിക്കുന്നതിനാണ് എഐ ക്യാമറ ഇടപാട് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡീ സതിശനും ആരോപിച്ചു. കരാർ നേടിയ കമ്പനികൾക്ക് കണ്ണൂർ ബന്ധമുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറാകാത്ത പക്ഷം തന്റെ കൈയിലെ രേഖകൾ പുറത്തുവിടുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ലെന്നും എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി നടപ്പാക്കാനായി തിരഞ്ഞെടുത്ത കമ്പനികൾക്ക് ഈ മേഖലയിൽ മുൻപരിചയമില്ലെന്നും കമ്പനികളുടെ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതി ഏറ്റെടുത്ത കെൽട്രോൺ ബെംഗളൂരുവിലെ എസ്ആർഐടി എന്ന കമ്പനിക്ക് കരാർ നൽകി. ആ കമ്പനി മററ് രണ്ട് കമ്പനികൾക്ക് ഉപകരാർ നല്കി. 151.22 കോടി രൂപയായിരുന്നു പദ്ധതിയുടെ ചിലവായി പ്രഖ്യാപിച്ചത്. എന്നാൽ എസ്ആർഐടി, മറ്റ് രണ്ട് കമ്പനികളുമായി വച്ച ഉപകരാറിൽ പറയുന്നത് 75 കോടി രൂപയ്ക്ക് പദ്ധതി പൂർത്തിയാക്കാമെന്നും ബാക്കി തുക ഈ കമ്പനികൾക്ക് വീതം വയ്ക്കാമെന്നുമാണ്. എന്നാൽ പിന്നീട്, പദ്ധതിച്ചെലവ് 232 കോടി രൂപയാണെന്ന് പ്രഖ്യാപിച്ചു. അതായത് 75 കോടിയിൽ നിന്നും 157 കോടിയിലേറെ രൂപ അധികമാണ് പദ്ധതിച്ചെലവായി പ്രഖ്യാപിച്ചിരിക്കുന്നത്.
2020 ൽ പ്രഖ്യാപിച്ച പദ്ധതിയുടെ രേഖകൾ വിവരാവകാശ നിയമ പ്രകാരം ചോദിച്ചിട്ടും ലഭിച്ചില്ലെന്നും ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ ക്യാമറകൾ മാത്രമാണെന്നും ഇവയെ നിർമിതബുദ്ധി ക്യാമറ എന്നു വിളിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
മറുപടി നൽകാതെ ഗതാഗത മന്ത്രി
പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു തയാറായില്ല. ആരോപണങ്ങൾക്കുള്ള മറുപടികൾ നല്‌കേണ്ടത് കെൽട്രോൺ ആണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി തയാറാക്കിയത് മോട്ടർ വാഹനവകുപ്പല്ലെന്നും 5 വർഷത്തേയ്ക്കുള്ള പദ്ധതി നടപ്പാക്കുന്നത് കെൽട്രോൺ തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ലാണ് പദ്ധതി കെൽട്രോണിനെ ഏൽപ്പിക്കുന്നത്. അന്ന് ഞാൻ മന്ത്രിയല്ല. 2021ലാണ് മന്ത്രിസ്ഥാനത്തെത്തുന്നത്. അതിനു മുൻപെ ആവിഷ്‌കരിച്ച പദ്ധതിയാണ്. ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങൾ സംബന്ധിച്ചും പ്രതികരിക്കേണ്ടത് പദ്ധതി തയാറാക്കിയ കെൽട്രോണാണ്. കെൽട്രോൺ സർക്കാർ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെൽട്രോണിന് ഉള്ളതുകൊണ്ടാണ് പദ്ധതി അവരെ ഏല്പിച്ചതെന്നും മന്ത്രി പ്രസ്താവിച്ചു.
ഇതിനെത്തുടർന്ന് എഐ ക്യാമറ പദ്ധതി സുതാര്യമാണെന്നും ഒരു ക്യാമറ സിസ്റ്റത്തിന്റെ വില 35 ലക്ഷം രൂപയാണെന്ന പ്രചാരണം തെറ്റാണെന്നും വില 9.5 ലക്ഷം രൂപ മാത്രമാണെന്നും കെൽട്രോൺ സിഎംഡി എൻ നാരായണ മൂർത്തി പറഞ്ഞു. 74 കോടി രൂപയാണ് ക്യാമറയ്ക്കായി ചിലവാക്കിയത്. ബാക്കി സാങ്കേതിക സംവിധാനങ്ങൾക്കുള്ള ചിലവാണ്. പദ്ധതിയുടെ ഉപകരാറുകൾ എസ്ആർഐടി എന്ന കമ്പനിയാണ് നൽകിയത്. ഇതിൽ കെൽട്രോണിന് പങ്കില്ലെന്നും ഉപകരാർ കൊടുക്കുന്നത് കെൽട്രോൺ അറിയണമെന്നില്ലെന്നും നാരായണ മൂർത്തി പറഞ്ഞു.
ട്രാഫിക്ക് നിയമലംഘനങ്ങൾ പിടികൂടുന്നതിനായി അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 20നാണ് നിർവഹിച്ചത്.
ദേശീയ-സംസ്ഥാന-ഗ്രാമീണ പാതകളിലായി 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അമിത വേഗം, നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നത്, ചുവന്ന ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, മൊബൈൽ ഉപയോഗം, ഇരുചക്രവാഹനത്തിലെ രണ്ടിലധികം പേരുടെ യാത്ര, സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാതെയുള്ള യാത്ര എന്നീ നിയമലംഘനങ്ങളാണ് പ്രധാനമായും എഐ ക്യാമറകൾ വഴി പിടികൂടുന്നത്. അമിത വേഗത പിടികൂടാൻ 8 ക്യാമറകളാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയറിൽ മാറ്റം വരുന്നതോടെ കൂടുതൽ ക്യാമറകൾ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചത്.
പൊതുനിരത്തുകളിൽ എഐ ക്യാമറ സ്ഥാപിച്ച് മുഴുവൻ വാഹനയാത്രക്കാരുടെ ദൃശ്യങ്ങൾ പകർത്തുന്നതിലെ നിയമപ്രശ്‌നങ്ങളും ഇപ്പോൾ ചർച്ചയാകുകയാണ്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെയോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെയോ ദൃശ്യങ്ങൾ റോഡിൽ സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറകളിൽ നിന്ന് തെളിവായി ഹാജരാക്കുന്നതിൽ നിയമപ്രശ്‌നങ്ങളില്ല. എന്നാൽ നിയമം അനുസരിച്ച് യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങളും എഐ ക്യാമറ ശേഖരിക്കുന്നത് അവരുടെ സ്വകാര്യ അവകാശങ്ങളിലേയ്ക്കുള്ള കടന്നുകയറ്റമാണെന്നാണ് വിലയിരുത്തൽ.