TMJ
searchnav-menu
post-thumbnail

TMJ Daily

പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയംപുകഴ്ത്തല്‍ റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ നേതാവ്

24 May 2025   |   1 min Read
TMJ News Desk

സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത് സ്വയം പുകഴ്ത്തല്‍ റിപ്പോര്‍ട്ടാണെന്ന് സതീശന്‍ പറഞ്ഞു.

റിപ്പോര്‍ട്ടിലെ ഏറ്റവും വലിയ അവകാശവാദം ദേശീയപാതാ നിര്‍മാണമാണെന്നും റിപ്പോര്‍ട്ട് അച്ചടിച്ചതിനുശേഷമാണ് പാതയില്‍ വിള്ളല്‍ വീണതെന്നും പാതയുടെ ക്രെഡിറ്റെടുക്കാന്‍ നിന്നവരെ ഇപ്പോള്‍ കാണാനില്ലെന്നും സതീശന്‍ പറഞ്ഞു. അടുത്ത മഴയില്‍ ഇനിയും വിള്ളല്‍ വീഴുമെന്നും സതീശന്‍ പറഞ്ഞു.

നൂറിലധികം സ്ഥലത്ത് ഇപ്പോള്‍ത്തന്നെ വിള്ളലുണ്ടെന്ന് സതീശന്‍ പറഞ്ഞു. പാലാരിവട്ടം പാലം തകര്‍ന്നുവീണിട്ടില്ലെന്നും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് മാത്രമാണ് അക്കാര്യത്തില്‍ ഉണ്ടായിരുന്നതെന്നും സതീശന്‍ പറഞ്ഞു. അന്നത്തെ മന്ത്രിക്കെതിരേ കേസെടുത്തവര്‍ക്ക് ഇപ്പോള്‍ ഒരു പരാതിയുമില്ലെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കടക്കെണി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും പണം ഉണ്ടെങ്കില്‍ ആശുപത്രിയില്‍ മരുന്ന് കൊണ്ടുവരാനുള്ള സംവിധാനമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വികസനകാര്യങ്ങളില്‍ എട്ടുകാലി മമ്മൂഞ്ഞാണ് ഇടതുസര്‍ക്കാരെന്നും സതീശന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഒരു പദ്ധതിയെ മാത്രമേ എതിര്‍ത്തിട്ടുള്ളൂവെന്നും അത് കെ റെയില്‍ മാത്രമാണെന്നും സതീശന്‍ പറഞ്ഞു. കെ റെയില്‍ വന്നാല്‍ കേരളത്തില്‍ പാരിസ്ഥിതിക ദുരന്തമുണ്ടാകുമെന്നതിനാലാണ് എതിര്‍ത്തതെന്നും സതീശന്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ എന്തു ചെയ്തില്ല എന്നതാണ് റിപ്പോര്‍ട്ടിലെ വിവിധ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്ന യാഥാര്‍ഥ്യമെന്നും സതീശന്‍ പറഞ്ഞു.


 

#Daily
Leave a comment