PHOTO: TWITTER
പാർലമെന്റിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം; സഭ തടസപ്പെട്ടു
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെന്റിൽ ഇരു സഭകളും തടസപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. പ്രതിപക്ഷ എംപിമാർ കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്‌കും ധരിച്ചാണ് പാർലമെന്റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേയ്ക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്. സോണിയ ഗാന്ധി അടക്കമുള്ളവർ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്രതിഷേധ ധർണ നടത്തി.
ഇതോടെ ലോക്‌സഭ നാല് മണി വരെയും രാജ്യസഭ 2 മണി വരെയും നിർത്തിവച്ചു. പാർലമെന്റിന് മുന്നിൽ നിന്നും വിജയ് ചൗക്കിലേയ്ക്ക് പ്രതിപക്ഷം പ്രതിഷേധ മാർച്ച് നടത്തും. രാവിലെ ചേർന്ന സംയുക്ത പ്രതിപക്ഷ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.
രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് ശ്രദ്ധേയമായി. പാർട്ടിയെ പ്രതിനിധീകരിച്ച് പ്രസൂൺ ബാനർജിയും ജവഹർ സിർക്കറുമാണ് പങ്കെടുത്തത്. 17 പ്രതിപക്ഷ പാർട്ടികൾ യോഗത്തിനെത്തി.
യൂത്ത് കോൺഗ്രസ് ഉടനെ തന്നെ പാർലമെന്റ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ശക്തമായ പ്രതിഷേധ ചൂചനകൾ ഉള്ളതിനാൽ പാർലമെന്റിന് ചുറ്റും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ജനപ്രതിനിധികളെ ശിക്ഷിച്ചാലുടൻ സഭയിലെ അംഗത്വം റദ്ദാക്കാൻ പാടില്ലെന്നു ആവശ്യപ്പെട്ട ഹർജി ഇന്ന് സുപ്രിംകോടതിയിൽ പരിഗണിക്കും. രണ്ട് വർഷമോ അതിലധികമോ ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അപ്പീൽ നല്കാനുള്ള സാവകാശം ജനപ്രതിനിധിക്ക് നല്കണമെന്നാണ് ഹർജിയിലെ ആവശ്യം.