TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

കൂടിയാലോചനക്കൊരുങ്ങി പ്രതിപക്ഷം, ആദ്യ യോഗം ജൂൺ 23 ന് 

08 Jun 2023   |   2 min Read
TMJ News Desk

2024 ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാലോചനക്കൊരുങ്ങി പ്രതിപക്ഷം. ജൂൺ 23 ന് പാട്‌നയിൽ ആദ്യ പ്രതിപക്ഷ യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും എന്ന് അറിയിച്ചു. ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ നിതീഷ് കുമാർ ജൂൺ ഏഴിന് പ്രതിപക്ഷ നേതാക്കളെ വിളിച്ച് തീരുമാനം അറിയിച്ചിട്ടുണ്ട്. ജെഡിയു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ സിംഗാണ് പ്രതിപക്ഷ യോഗത്തിന്റെ പുതിയ ഷെഡ്യൂൾ ബുധനാഴ്ച പ്രഖ്യാപിച്ചത്.

ആദ്യം ജൂൺ 12 നാണ് യോഗം നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് 23 ലേക്ക് മാറ്റുകയായിരുന്നു. 12 ന് നടത്താനിരുന്ന യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഖാർഗെയും രാഹുൽ ഗാന്ധിയും അറിയിച്ചതിനെ തുടർന്നാണ തീയതി മാറ്റിവെക്കേണ്ടി വന്നത്. ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും ആദ്യം നിശ്ചയിച്ച തീയതിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. യോഗത്തിൽ പങ്കെടുക്കാം എന്ന് സമ്മതിച്ചിട്ടുള്ള എല്ലാ പാർട്ടികളേയും പ്രതിനിധീകരിക്കേണ്ടത് അതത് പാർട്ടി തലവന്മാരാണെന്നും പ്രതിനിധികളല്ലെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

ഐക്യപ്പെടാൻ പ്രതിപക്ഷം

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ കൂടിയാലോചനക്കൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ഒറ്റക്കെട്ടായി മാത്രമേ സാധ്യമാകു എന്ന തിരിച്ചറിവിനെത്തുടർന്നാണ് നീക്കം. ബിജെപിയെ ഭരണത്തിൽ നിന്നും പുറത്താക്കുക ഒറ്റയ്ക്ക് മത്സരിച്ചാൽ സാധ്യമാവില്ല എന്നത് വ്യക്തമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് എൻഡിഎ സർക്കാരും നടത്തി വരുന്നത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമിച്ച പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിന് യോജിക്കാത്ത രീതിയിലുള്ളതായിരുന്നു ഉദ്ഘാടന ചടങ്ങുകൾ എന്ന് വലിയ രീതിയിലുള്ള എതിർപ്പുകളും ശക്തമായിരുന്നു. മാത്രമല്ല 19 ലധികം പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ പ്രതിപക്ഷത്തിന്റെ സംയുക്തമായുള്ള ഈ പ്രതിഷേധം ഗുണം ചെയ്യും എന്നാണ് വിലയിരുത്തപ്പെടുന്നത്. രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തുന്നതും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എന്നാണ് ഉയർന്നുവരുന്ന വിമർശനം. കോൺഗ്രസിലെ നേതൃമാറ്റം, മമത ബാനർജി, സ്റ്റാലിൻ, നിതീഷ്‌കുമാർ തുടങ്ങിയ നേതാക്കളുടെ ഇടപെടലുകൾ, രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര എന്നിവ ബിജെപിക്കെതിരെ നടത്തുന്ന പ്രചരണം കൂടിയാണ്. എന്നാൽ നിലനിൽക്കുന്ന ആഭ്യന്തര വൈരുദ്ധ്യങ്ങൾ പ്രതിപക്ഷ ഐക്യം എന്ന ആശയം എത്രത്തോളം പ്രാവർത്തികമാകും എന്ന ചോദ്യം ഉയർത്തുന്നുണ്ട്. ബിജെപി വിരുദ്ധരെയെല്ലാം ഒരുമിച്ചുനിർത്താൻ കോൺഗ്രസ് മുൻകയ്യെടുക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആദ്യ പ്രതിപക്ഷ യോഗത്തിൽ ഖാർഗെക്ക് പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിലിൽ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ കോൺഗ്രസ് നേതാക്കൾ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി ചർച്ച നടക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും പ്രതിപക്ഷത്തെ യോജിപ്പിച്ച് മുന്നോട്ടുപോകുമെന്നും യോഗത്തിന് ശേഷം ശരദ് പവാർ മാധ്യമങ്ങളോട് പ്രതികരിച്ചു. 


പ്രതിപക്ഷ ഐക്യത്തിന് വെല്ലുവിളി

പ്രതിപക്ഷം ഒറ്റക്കെട്ടായി ബിജെപിയെ നേരിടുമെന്നു പറയുന്നെങ്കിലും സുപ്രധാന സന്ദർഭങ്ങളിലെല്ലാം ബിജെപിയെ അനുകൂലിച്ച് നിലപാടെടുക്കുന്ന പാർട്ടികളുമുണ്ട്. പാർലമെന്റ് ഉദ്ഘാടനത്തിൽ അത് ഒന്നുകൂടി വ്യക്തമായതാണ്. പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ചടങ്ങിൽ നിന്ന് വിട്ടുനിന്നെങ്കിലും ഏഴോളം ബിജെപി ഇതര പാർട്ടികൾ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ബിജെപി സഖ്യത്തിൽ ഇല്ലാത്ത ബിഎസ്പി, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, അകാലിദൾ, ടിഡിപി തുടങ്ങിയ പാർട്ടികളുടെ നിലപാട് ബിജെപി അനുകൂലമാണ്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത എൻഡിഎയ്ക്ക് പലപ്പോഴും ബിജെഡിയുടേയും വൈഎസ്ആർ കോൺഗ്രസിന്റെയും നിർണായക പിന്തുണ ലഭിച്ചിട്ടുണ്ട്. ഇവരുടെ നിലപാട് വിശാല പ്രതിപക്ഷ ഐക്യത്തിന് വെല്ലുവിളിയാണ്.


#Daily
Leave a comment