
ലിത്വാനിയയിൽ സർക്കാർ രൂപിക്കാനൊരുങ്ങി പ്രതിപക്ഷം
ലിത്വാനിയയിലെ പ്രതിപക്ഷമായ സോഷ്യൽ ഡെമോക്രാറ്റ്സ് മറ്റ് രണ്ട് രാഷ്ട്രീയ പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു. ഫാർമേഴ്സ് ആൻഡ് ഗ്രീൻസ്, ഫോർ ലിത്വാനിയ തുടങ്ങിയ പാർട്ടികളുടെ കൂടെയാണ് സോഷ്യൽ ഡെമോക്രാറ്റ്സ് മന്ത്രിസഭ രൂപീകരിക്കാനൊരുങ്ങുന്നത്. 91 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ സോഷ്യൽ ഡെമക്രാറ്റ്സാണ് മുന്നിട്ട് നിൽക്കുന്നത്. ജീവിതചെലവും ആഭ്യന്തരസുരക്ഷയുമാണ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച പ്രധാന വിഷയങ്ങൾ. 52.1 ശതമാനം പോളിംഗാണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.
വിദേശ നയങ്ങളിൽ ഒരു മാറ്റവും വരുത്തില്ലെന്നും, യുക്രൈനിനെ സഹായിക്കുന്നതിനാണ് മുൻഗണന എന്നും സോഷ്യൽ ഡെമോക്രാറ്റ്സ് നേതാവ് വിലിയ ബ്ലിങ്കെവിച്യൂത് പറഞ്ഞു. സർക്കാർ രൂപീകരിക്കുന്നതിൽ ബ്ലിങ്കെവിച്യൂത് വിജയിക്കുകയാണെങ്കിൽ, റഷ്യക്കെതിരെയുള്ള ലിത്വാനിയയുടെ നിലപാടുകളും, പ്രതിരോധത്തിനുള്ള ഭീമമായ ചെലവുകളും തുടർന്നേക്കും. ഇത് കൂടാതെ വരുമാനം, ഭവനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് ബ്ലിങ്കെവിച്യൂത് പറഞ്ഞു.
വിലക്കയറ്റം രണ്ട് വർഷം മുന്നേ 20 ശതമാനം വർധിച്ചതും, പൊതുസേവനങ്ങൾ മോശമായതും, പണക്കാർക്കും പാവപ്പെട്ടവർക്കുമിടയിലുള്ള അന്തരം വർധിച്ചതും ലിത്വാനിയയുടെ വലത് പാർട്ടി പ്രധാനമന്ത്രിയായ ഇൻഗ്രിഡ സിമോനൈറ്റിന്റെ പ്രചാരം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. പഴയ സർക്കാരിനെ മടുത്തുവെന്നാണ് പൊതുജനങ്ങളിൽ നിന്നുയർന്നു വന്ന പ്രതികരണങ്ങൾ.
ആരോഗ്യമേഖലയിലും മറ്റു സാമൂഹിക ആവശ്യങ്ങളിലേക്കും ചെലവഴിക്കാനായി കൂടുതൽ തുക കണ്ടെത്തുന്നതിനായി സമ്പന്നർക്ക് പ്രത്യേക നികുതി നടപ്പാക്കുമെന്ന് സോഷ്യൽ ഡെമോക്രാറ്റ്സ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഗ്ദാനം നൽകിയിരുന്നു. റഷ്യയുമായി അതിർത്തി പങ്കിടുന്ന ലിത്വാനിയക്ക് ആഭ്യന്തരസുരക്ഷയും പ്രധാനവിഷയമാണ്. ലിത്വാനിയൻ പൗരരിൽ നാലിലൊരാൾ അധികം വൈകാതെ റഷ്യ തങ്ങളെ ആക്രമിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് ഇഎൽടിആ സർവേയിൽ പറയുന്നു. ലിത്വാനിയയിലെ എല്ലാ പ്രധാന രാഷ്ട്രീയപാർട്ടികളും റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനിന് പിന്തുണ പ്രഖ്യാപിച്ചവരാണ്. പ്രതിരോധത്തിനായി ചെലവഴിക്കുന്ന തുക വർദ്ധിപ്പിക്കുന്നതിൽ ഇവർക്കാർക്കും എതിർപ്പില്ല.


