TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഒരുമിച്ചു പോരാടാൻ പ്രതിപക്ഷം; അടുത്ത യോഗം ഷിംലയിൽ 

23 Jun 2023   |   3 min Read
TMJ News Desk

രാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാൻ തീരുമാനിച്ച് പ്രതിപക്ഷം. വെള്ളിയാഴ്ച പട്‌നയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിൽ 15 ലധികം കക്ഷികൾ പങ്കെടുത്തു. വിയോജിപ്പുകൾ ഉണ്ടെങ്കിലും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പട്‌നയിൽ ചരിത്രം തുടങ്ങുകയാണെന്ന് മമത ബാനർജി പ്രതികരിച്ചു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയാണ് ഇപ്പോഴത്തെ ഉത്തരവാദിത്വം എന്ന് പ്രതിപക്ഷ യോഗത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു. പ്രതിപക്ഷ കക്ഷികളുടെ അടുത്ത യോഗം ഷിംലയിൽ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ പൊതു അജണ്ട അടുത്ത യോഗത്തിലാണ് തീരുമാനിക്കുക.

കർണാടക തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്തും എന്ന് രാഹുൽ. പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. കർണാടകയിലെ വിജയം തുടക്കം മാത്രമാണ്, ഇന്ത്യയെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വെറുപ്പിനെ വെറുപ്പുകൊണ്ടല്ല നേരിടേണ്ടത്, അതിനെ സ്നേഹം കൊണ്ട് മാത്രമേ പരാജയപ്പെടുത്താൻ സാധിക്കുകയുള്ളു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ഒരുമിപ്പിക്കാനും സ്നേഹം പ്രചരിപ്പിക്കാനുമാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്, പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ പോകുകയാണ്, കർണാടക തെരഞ്ഞെടുപ്പിന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കാൾ പലസ്ഥലങ്ങളിലായി പ്രസംഗിച്ചെങ്കിലും ഫലം കണ്ടില്ല. കർണാടയിൽ ബിജെപി അപ്രത്യക്ഷമായി. അതുപോലെ തെലങ്കാന, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും ബിജെപി ഉണ്ടാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ സമ്മേളനം

പട്നയിലാണ് പ്രതിപക്ഷ പാർട്ടികളുടെ ആദ്യ സമ്മേളനം നടന്നത്. ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ(യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാറും തേജ്വസി യാദവും ചേർന്നാണ് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രാഹുൽ ഗാന്ധി എന്നിവരെ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചത്. യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി,പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മഹാരാഷ്ട്രാ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പിഡിപി, സിപിഐഎം, സിപിഐ നേതാക്കൾ ഉൾപ്പെടെയുള്ള ആളുകൾ പങ്കെടുത്തു. ആദ്യം ജൂൺ 12 നാണ് യോഗം നടത്താൻ തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് 23 ലേക്ക് മാറ്റുകയായിരുന്നു. 12 ന് നടത്താനിരുന്ന യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഖാർഗെയും രാഹുൽ ഗാന്ധിയും അറിയിച്ചതിനെ തുടർന്നാണ് തീയതി മാറ്റിവെക്കേണ്ടി വന്നത്. ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും ആദ്യം നിശ്ചയിച്ച തീയതിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. അടുത്ത യോഗം ഷിംലയിൽ വെച്ചാണ് ചേരുക.

ഐക്യപ്പെടാൻ പ്രതിപക്ഷം

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ ഐക്യപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ഒറ്റക്കെട്ടായി മാത്രമേ സാധ്യമാകു എന്ന തിരിച്ചറിവിനെത്തുടർന്നാണ് നീക്കം. ബിജെപിയെ ഭരണത്തിൽ നിന്നും പുറത്താക്കുക ഒറ്റയ്ക്ക് മത്സരിച്ചാൽ സാധ്യമാവില്ല എന്നത് വ്യക്തമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് എൻഡിഎ സർക്കാരും നടത്തി വരുന്നത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമിച്ച പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിന് യോജിക്കാത്ത രീതിയിലുള്ളതായിരുന്നു ഉദ്ഘാടന ചടങ്ങുകൾ എന്ന് വലിയ രീതിയിലുള്ള എതിർപ്പുകളും ശക്തമായിരുന്നു. മാത്രമല്ല 19 ലധികം പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ പ്രതിപക്ഷത്തിന്റെ സംയുക്തമായുള്ള ഈ പ്രതിഷേധം ഗുണം ചെയ്യും എന്നാണ് വിലയിരുത്തപ്പെടുന്നത്. രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തുന്നതും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എന്നാണ് ഉയർന്നുവരുന്ന വിമർശനം. കോൺഗ്രസിലെ നേതൃമാറ്റം, മമത ബാനർജി, സ്റ്റാലിൻ, നിതീഷ്‌കുമാർ തുടങ്ങിയ നേതാക്കളുടെ ഇടപെടലുകൾ, രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര എന്നിവ ബിജെപിക്കെതിരെ നടത്തുന്ന പ്രചരണം കൂടിയാണ്. എന്നാൽ നിലനിൽക്കുന്ന ആഭ്യന്തര വൈരുദ്ധ്യങ്ങൾ പ്രതിപക്ഷ ഐക്യം എന്ന ആശയം എത്രത്തോളം പ്രാവർത്തികമാകും എന്ന ചോദ്യം ഉയർത്തുന്നുണ്ട്. ബിജെപി വിരുദ്ധരെയെല്ലാം ഒരുമിച്ചുനിർത്താൻ കോൺഗ്രസ് മുൻകയ്യെടുക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചിരുന്നു. 

പ്രതിപക്ഷ ഐക്യത്തിന് വെല്ലുവിളി

പ്രതിപക്ഷം ഒറ്റക്കെട്ടായി ബിജെപിയെ നേരിടുമെന്നു പറയുന്നെങ്കിലും സുപ്രധാന സന്ദർഭങ്ങളിലെല്ലാം ബിജെപിയെ അനുകൂലിച്ച് നിലപാടെടുക്കുന്ന പാർട്ടികളുമുണ്ട്. പാർലമെന്റ് ഉദ്ഘാടനത്തിൽ അത് ഒന്നുകൂടി വ്യക്തമായതാണ്. പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ചടങ്ങിൽ നിന്ന് വിട്ടുനിന്നെങ്കിലും ഏഴോളം ബിജെപി ഇതര പാർട്ടികൾ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ബിജെപി സഖ്യത്തിൽ ഇല്ലാത്ത ബിഎസ്പി, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, അകാലിദൾ, ടിഡിപി തുടങ്ങിയ പാർട്ടികളുടെ നിലപാട് ബിജെപി അനുകൂലമാണ്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത എൻഡിഎയ്ക്ക് പലപ്പോഴും ബിജെഡിയുടേയും വൈഎസ്ആർ കോൺഗ്രസിന്റെയും നിർണായക പിന്തുണ ലഭിച്ചിട്ടുണ്ട്. ഇവരുടെ നിലപാട് വിശാല പ്രതിപക്ഷ ഐക്യത്തിന് വെല്ലുവിളിയാണ്.


#Daily
Leave a comment