
സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ എസ്എഫ്‌ഐഒയോട് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. സമന്‍സ് അയക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. രണ്ട് മാസത്തേക്കാണ് തുടര്‍നടപടികള്‍ തടഞ്ഞത്.
സിഎംആര്‍എല്ലിനോടും കേന്ദ്ര സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
കേസില്‍ ഒന്നാം പ്രതി സിഎംആര്‍എല്ലിന്റെ ശശിധരന്‍ കര്‍ത്ത മുതല്‍ 11ാം പ്രതിയായ എക്‌സാലോജിക് ഉടമ വീണ വിജയന്‍ വരെയുള്ളവര്‍ക്ക് എസ്എഫ്‌ഐഒ നോട്ടീസ് നല്‍കാനിരുന്നതാണ്.
നേരത്തെ എക്‌സാലോജിക്കുമായുള്ള ഇടപാടിലെ എസ്എഫ്ഐഒയുടെ കുറ്റപത്രത്തിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതിയുടെ തീരുമാനം റദ്ദാക്കണമെന്നാണ് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കൂടാതെ, എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തങ്ങളുടെ വാദം കേള്‍ക്കാതെ നടപടി സ്വീകരിച്ചുവെന്നും സിഎംആര്‍എല്‍ വാദിച്ചിരുന്നു.
കഴിഞ്ഞ ദിവസം എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ നടപടിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത് കൊണ്ടാണ് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.


