
വെജ് ബിരിയാണി ഓര്‍ഡര്‍ ചെയ്തു, ലഭിച്ചത് നോണ്‍വെജ്; യുപിയില്‍ കടയുടമ അറസ്റ്റില്‍
ഉത്തര്‍പ്രദേശില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗിയിലൂടെ വെജ് ബിരിയാണി ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് നോണ്‍-വെജ് ബിരിയാണി. തന്റെ അനുഭവം യുവതി ഓണ്‍ലൈനില്‍ വീഡിയോ ആയി കരഞ്ഞു കൊണ്ട് പങ്കുവച്ചത് വൈറല്‍ ആയപ്പോള്‍ പൊലീസ് റെസ്റ്റോറന്റ് ഉടമയെ അറസ്റ്റ് ചെയ്തു.
റെസ്റ്റോറന്റ് ബോധപൂര്‍വം തനിക്ക് നോണ്‍-വെജ് ഭക്ഷണം അയച്ചുവെന്ന് യുവതി വാദിച്ചു. നോയിഡയിലെ ഛായ ശര്‍മ്മയ്ക്കാണ് ഈ അനുഭവം ഉണ്ടായത്.
ലഖ്‌നൗവി കബാബ് പറാത്ത എന്ന റെസ്റ്റോറന്റില്‍നിന്നാണ് യുവതി ഭക്ഷണം വാങ്ങിയത്. ശുദ്ധ വെജിറ്റേറിയനായ തനിക്ക് നവരാത്രിയില്‍ നോണ്‍-വെജ് ബിരിയാണി അയച്ചുവെന്ന് യുവതി ആരോപിച്ചു. ആരിത് ചെയ്താലും മനപ്പൂര്‍വം ചെയ്തതാണെന്നും യുവതി പറഞ്ഞു.
വീഡിയോയ്ക്ക് ഇന്‍സ്റ്റാഗ്രാമിലും എക്‌സിലും ലക്ഷക്കണക്കിന് കാഴ്ച്ചക്കാരുണ്ടായി. യുവതിയുടെ പരാതി ഇന്റര്‍നെറ്റില്‍ ഒരു വിഭാഗം ആളുകളെ രോഷാകുലരാക്കിയതിനെ തുടര്‍ന്ന് പൊലീസ് റെസ്റ്റോറന്റ് ഉടമയായ രാഹുല്‍ രാജ് വന്‍ശിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ തുടരന്വേഷണം നടത്തിയശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.