TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

ഉത്തരവുകൾ മലയാളത്തിൽ വേണം, കർശന നിർദേശവുമായി ചീഫ് സെക്രട്ടറി

11 Jul 2023   |   2 min Read
TMJ News Desk

കേരള സർക്കാരിന്റെ ഉത്തരവുകളും കത്തിടപാടുകളും മലയാളത്തിലായിരിക്കണം എന്ന കർശന നിർദേശം നൽകിയിരിക്കുകയാണ് ചീഫ് സെക്രട്ടറി. വിഷയത്തിൽ വകുപ്പ് സെക്രട്ടറിമാർക്ക് കത്തയച്ചിട്ടുണ്ട്. ധനകാര്യം, നിയമം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉത്തരവുകളും നിർദേശങ്ങളും കത്തിടപാടുകളും മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഉത്തരവുകളും മലയാളത്തിലായിരിക്കണം.

ഉത്തരവുകളും കത്തിടപാടുകളും മലയാളത്തിൽ തന്നെ ആണോ തയ്യാറാക്കുന്നത് എന്ന കാര്യം ഉറപ്പുവരുത്തണം എന്നും, മാസാവലോകനയോഗത്തിൽ പുരോഗതി വിലയിരുത്തണം എന്നും കത്തിൽ ചീഫ് സെക്രട്ടറി ഡോ വി വേണു വ്യക്തമാക്കിയിട്ടുണ്ട്. 2017 ലാണ് ഉത്തരവുകൾ മലയാളത്തിലായിരിക്കണം എന്ന സർക്കാർ നിർദേശം ഉണ്ടായത്. സർക്കാർ ഉത്തരവിൽ പറഞ്ഞത് ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ആവശ്യമായ പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കാമെന്നും അങ്ങനെ അല്ലാത്ത പക്ഷം ഉത്തരവുകൾ മലയാളത്തിൽ ആയിരിക്കണം എന്നുമാണ്.

2017 മേയ് 1 മുതൽ കേരളത്തിലെ എല്ലാ ഉത്തരവുകളും നിർബന്ധമായും മലയാളത്തിൽ ആയിരിക്കണം എന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ അത് പൂർണ അർത്ഥത്തിൽ പാലിക്കപ്പെട്ടിട്ടില്ല. ചട്ടം ലംഘിച്ച് ഇംഗ്ലീഷിൽ ഉത്തരവിറക്കുന്നവർക്കെതിരെ നടപടികളും ഉണ്ടാവാറില്ല.

ഭരണഭാഷ മലയാളം

ഭരണഘടനയുടെ 345-ാം വകുപ്പിൽ പ്രാദേശിക ഭാഷകൾക്ക് ഭരണ ഭാഷാ പദവി നൽകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. ഇതുപ്രകാരം സംസ്ഥാനത്തെ ഭാഷയായ മലയാളം ഭരണഭാഷയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ 1957 ൽ ആരംഭിച്ചിരുന്നു. ഭരണരംഗത്ത് മലയാളഭാഷ ഉപയോഗിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പഠിച്ച് കോമാട്ടിൽ അച്യുതമേനോൻ അധ്യക്ഷനായ സമിതി 1958 ആഗസ്റ്റ് 16 ന് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തു. തുടർന്ന് സർക്കാർ ഔദ്യോഗിക ഭാഷാ നയം പ്രഖ്യാപിക്കുകയും ഭരണഭാഷ മലയാളത്തിലാണെന്ന് നിഷ്‌കർഷിക്കുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുകയും ഉണ്ടായി. സർക്കാർ ഓഫീസുകളിൽ നിർദ്ദിഷ്ടമായ ആവശ്യങ്ങൾക്ക് മലയാളം ഭരണഭാഷയായി ഉപയോഗിക്കണം എന്ന് അനുശാസിക്കുന്ന ഉത്തരവ് 1965 ഒക്ടോബർ 19 ന് പുറപ്പെടുവിച്ചു. ഭരണഘടനയുടെ 345-ാം വകുപ്പ് അനുശാസിക്കുന്നത് പ്രകാരം 1969 ൽ നിലവിൽ വന്ന കേരള ഔദ്യോഗിക ഭാഷ നിയമം മലയാളമോ ഇംഗ്ലീഷോ കേരളത്തിൽ ഔദ്യോഗിക ഭാഷയായിരിക്കും എന്ന് വ്യവസ്ഥ ചെയ്യുന്നു. 1973 ൽ  കേരളത്തിലെ ന്യൂനപക്ഷ ഭാഷകളായ തമിഴ് കന്നഡ എന്നിവ സംസാരിക്കുന്നവരുടെ പരിരക്ഷ ഉറപ്പാക്കിക്കൊണ്ട് ഇതിൽ ഭേദഗതി വരുത്തുകയും പ്രസ്തുത നിയമത്തിലെ 1-ബി വകുപ്പ് അനുസരിച്ച് മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

പിന്നീട് 1970 ൽ ഒരു ഔദ്യോഗിക ഭാഷാ കമ്മിറ്റി രൂപവത്കരിച്ചു. 1973 ൽ ഇത് പുനഃസംഘടിപ്പിച്ചു. കോടതിനടപടികൾ സാധാരണക്കാർക്ക് പ്രാപ്യമാകുന്ന വിധം കോഡുകളും മാനുവലുകളും വിധിന്യായങ്ങളും മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്ന് അനുശാസിച്ചു. പിന്നീട് കോടതി ഭാഷ മലയാളത്തിൽ ആക്കുന്നതിനുള്ള നിർദേശങ്ങൾക്കുവേണ്ടി ജസ്റ്റിസ് കെ കെ നരേന്ദ്രൻ അദ്ധ്യക്ഷനായി ഒരു ബെഞ്ച് രൂപീകൃതമാവുകയും,  എല്ലാ കോടതി നടപടികളും മലയാളത്തിൽ ഇറക്കണമെന്ന നിർദേശം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ഇത് പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല. 

പിന്നീട് 2017 മെയ് ഒന്ന് മുതൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ ഭരണഭാഷ പൂർണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത്തരത്തിൽ ഘട്ടം ഘട്ടമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നെങ്കിലും സർക്കാർ നിർദേശങ്ങളും ഉത്തരവുകളും എത്രത്തോളം പ്രാവർത്തികമാകുന്നു എന്നത് ചോദ്യചിഹ്നമായി നിൽക്കുന്നു.


#Daily
Leave a comment