അവയവക്കച്ചവടം: ഇരകളായത് മലയാളി ഉള്‍പ്പെടെ 50 പേര്‍
അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ 50 പേര്‍ ഇരകളായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഇരയായത്. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയില്‍ നിന്നും സാബിത് നാസര്‍ എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാബിത് നാസറിനെ കൂടാതെ സജിത് ശ്യാം, മധു എന്നീ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 20 പേരെ ഇറാനിലെത്തിച്ച് അവയവദാനം നടത്തിയെന്നായിരുന്നു സാബിത്ത് നാസര്‍ നല്‍കിയ മൊഴി. അവയവക്കച്ചവടത്തിന് ഇരയായ തിരുനെല്ലായി സ്വദേശി ഷെമീറിന്റെ രഹസ്യമൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വിജയവാഡ സ്വദേശി ബല്ലം ഗൊണ്ട രാം പ്രസാദ് എന്ന വ്യക്തിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 50 പേരോളം ഇരകളായെന്ന് കണ്ടെത്തുന്നത്. ഇയാള്‍ അടങ്ങുന്ന മലയാളി സംഘം 50 പേരെ ഇറാനില്‍ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം അവയവക്കച്ചവടം നടക്കുമ്പോള്‍ 60 ലക്ഷം രൂപ വരെ വാങ്ങുന്ന ഇവര്‍ 6 ലക്ഷം രൂപയാണ് അവയവദാതാക്കള്‍ക്ക് നല്‍കുന്നത്. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ അവയവദാതാക്കളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഇറാനില്‍ നിന്നും എത്തിയ സാബിത്ത് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സാബിത്തിന്റെ മൊഴി പ്രകാരം ഇറാനിലേക്ക് എത്തിച്ച 20 പേരില്‍ 19 പേര്‍ ഉത്തരേന്ത്യക്കാരും ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. വൃക്ക ദാതാക്കളെ ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയിലേക്കാണ് എത്തിച്ചത്.