
അവയവം മാറ്റിവയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്: 643.88 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി
കോഴിക്കോട് അവയവ, ടിഷ്യൂ മാറ്റിവയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കല്‍' എന്ന പദ്ധതിക്കായി നിര്‍വ്വഹണ ഏജന്‍സി സമര്‍പ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ പുതുക്കിയ ഭരണാനുമതി നല്‍കി. ജിഎസ് ടി ഉള്‍പ്പെടെ 643.88 കോടി രൂപയുടെ ഭരണാനുമതിക്കാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
കേരളതീര പ്രദേശത്തെ കടലില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം.
തിരുവനന്തപുരം തോന്നയ്ക്കലില്‍ കേരള ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കിന്റെ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കിന്റെ രണ്ടാം ഘട്ടത്തില്‍ 215 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രകാരം കൗണ്‍സില്‍ ഓഫ് സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഡര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്നൊവേഷന്‍, ടെക്നോളജി, എന്റര്‍പ്രണര്‍ഷിപ്പ് എന്നിവയ്ക്കായുള്ള സെന്റര്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതുകൂടാതെ 10 ഏക്കര്‍ ഭൂമി 90 വര്‍ഷത്തില്‍ കൂടാത്ത കാലയളവിലേക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പാട്ടത്തിനു നല്‍കാനും തീരുമാനിച്ചു.
റവന്യൂ വകുപ്പിന്റെ കീഴില്‍ ലാന്‍ഡ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവിധ ഓഫീസുകളിലെ 688 താല്‍ക്കാലിക തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കി. ഈ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ ഒരു വര്‍ഷത്തേക്കാണ് തുടര്‍ച്ചാനുമതി.
സംസ്ഥാന ഒബിസി പട്ടികയിലെ 19-ാം ഇനമായ 'ഗണിക' എന്ന സമുദായ നാമം ഗണിക/ഗാണിഗ എന്ന് മാറ്റം വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സ് പാര്‍ട്ട് ഒന്ന് ഷെഡ്യൂള്‍ഡ് ലിസ്റ്റ് മൂന്നില്‍ ഉള്‍പ്പെട്ട സമുദായമാണിത്.


