
ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം: പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
ഓര്‍ത്തോഡോക്‌സ്-യാക്കോബായ സഭാ തര്‍ക്ക വിഷയത്തില്‍ മലങ്കര സഭയുടെ ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കോടതിയലക്ഷ്യ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ കേരള ഹൈകോടതിയോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഉത്തരവ് നടപ്പാക്കാനുള്ള പ്രയോഗിക വഴികള്‍ ഹൈക്കോടതി കണ്ടെത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ കളക്ടര്‍മാര്‍ പള്ളി ഏറ്റെടുക്കണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എല്ലാ വിഷയങ്ങളും പരിഗണിച്ച് ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു കൊണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് അയച്ചു.
ആവശ്യമായ ഉത്തരവ് ഹൈക്കോടതിക്ക് പുറപ്പെടുവിക്കാം. എന്നാല്‍ കോടതി ഉത്തരവുകള്‍ പൊലീസ് സഹായത്തോടെ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാകില്ല. ഹൈക്കോടതി തീരുമാനം എടുക്കുന്നത് വരെ ഉദ്യോഗസ്ഥര്‍ക്കുള്ള സംരക്ഷണം തുടരുമെന്നും മതപരമായ വിഷയത്തില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികള്‍ പൊതുതാല്‍പര്യത്തിന് നിരക്കുന്നതാണോ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ വിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് 20 ഓളം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയും ആരംഭിച്ചു. ഈ നടപടി ചോദ്യം ചെയ്ത് മുന്‍ ചീഫ് സെക്രട്ടറി ഡോ വി വേണു, ഡിജിപി ഷേഖ് ദര്‍വേഷ് സാഹേബ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി.