ഓസ്‌കാർ നേട്ടത്തിൽ നാട്ടു നാട്ടു, ദ് എലിഫന്റ് വിസ്പറേഴ്‌സ്, ചരിത്രം കുറിച്ച് ഇന്ത്യ
95-ാം ഓസ്‌കാർ പുരസ്‌കാര വേദിയിൽ തിളങ്ങി ഇന്ത്യ. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ആർആർആറിലെ നാട്ടുനാട്ടു ഓസ്‌കാർ സ്വന്തമാക്കി. എ ആർ റഹ്‌മാൻ- ഗുൽസാർ ടീമിന്റെ വിജയത്തിനു ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനൽ ഗാനത്തിനുള്ള അംഗീകാരം ഇന്ത്യയ്ക്ക് ലഭിക്കുന്നത്. സ്ലം ഡോഗ് മില്യണയറിലെ ജയ് ഹോ എന്ന ഗാനത്തിനാണ് 2009ൽ ഓസ്‌കാർ സ്വന്തമാക്കിയത്. എംഎം കീരവാണി സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴുതിയത് ചന്ദ്രബോസാണ്. ലോസ് ആഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ ഇതുവരും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്‌കാരവും ചിത്രം നേടിയിരുന്നു.
ഒപ്പം മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ദ് എലിഫന്റ് വിസ്പറേഴ്‌സ് പുരസ്‌കാരം നേടി. കാർത്തികി ഗോൺസാൽവേസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളുടെയും തമ്മിലുള്ള ബന്ധമാണ് പ്രമേയം. ഇതോടെ ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ഇന്ത്യൻ പശ്ചാത്തലത്തിൽ ഓസ്‌കാർ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഹ്രസ്വചിത്രമാണിത്. പീരിഡ്. എൻഡ് ഓഫ് സെന്റൻസ്, സ്‌മൈൽ പിങ്കി എന്നീ ഹ്രസ്വ ചിത്രങ്ങളാണ് ഇതിനു മുൻപ് ഓസ്‌കാർ നേട്ടം സ്വന്തമാക്കിയത്.
ഓസ്‌കാർ വേദിയിലെ അവതരണത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് ദീപിക പദുക്കോൺ എത്തിയതും മറ്റൊരു പ്രത്യേകതയായി. ദീപിക പദുക്കോണിന്റെ അവതരണത്തോടെയാണ് നാട്ടു നാട്ടു ഗാനം വേദിയിൽ തത്സമയം അവതരിപ്പിച്ചത്. ഗായകരായ കാലഭൈരവയും രാഹുൽ സപ്ലിഗഞ്ചും ഓസ്‌കാർ വേദിയിൽ ഗാനം ആലപിച്ചു. പെർസിസ് ഖംബട്ടയ്ക്കും പ്രിയങ്ക ചോപ്രയ്ക്കും ശേഷം ഓസ്‌കാറിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സിനിമാ താരമാണ് ദീപിക പദുക്കോൺ.