ഓസ്‌കാര്‍ 2024; തരംഗമായി ഓപ്പണ്‍ഹൈമര്‍
96-ാം ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹൈമര്‍ ഏഴ് അവാര്‍ഡുകളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍,
മികച്ച സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകളാണ് ഓപ്പണ്‍ഹൈമറിന് ലഭിച്ചത്. ആറ്റംബോംബിന്റെ പിതാവ് ഓപ്പണ്‍ഹൈമറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്‌കാറും ക്രിസ്റ്റഫര്‍ നോളന്‍ നേടി. ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററായിരുന്നു് പുരസ്‌കാര പ്രഖ്യാപന വേദി.
കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. റോബര്‍ട്ട് ഡൗണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്റെ മികച്ച നടി പുരസ്‌കാരം അടക്കം പുവര്‍ തിങ് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്.
13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പന്‍ ഹൈമര്‍ ഇത്തവണ മുന്നിലുണ്ടായിരുന്നു. 11 നോമിനേഷനോടെ പുവര്‍ തിങ്സും ആറ് നോമിനേഷനുകളുമായി ബാര്‍ബിയും
തൊട്ടുപിന്നാലെ മത്സരരംഗത്ത് സജീവമായിരുന്നു. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ ഡോക്യുമെന്ററി ടു കില്‍ എ ടൈഗര്‍ ഇടം നേടി. നിഷ പഹുജ സംവിധാനം ചെയ്ത ഡോക്യുമെന്ററി ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ഓസ്‌കാര്‍ വേദിയില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യം
ഓസ്‌കാര്‍ വേദിയില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി താരങ്ങള്‍. ചുവന്ന ബാഡ്ജ് ധരിച്ചാണ് അമേരിക്കന്‍ ഗായിക ബില്ലി ഐലിഷ്, അഭിനേതാക്കളായ റാമി യൂസഫ്, മാര്‍ക്ക് റുഫല്ലോ, സംവിധായിക അവ ദുവെര്‍നെ തുടങ്ങിയ നിരവധി താരങ്ങള്‍ റെഡ്കാര്‍പറ്റിലെത്തിയത്. പുവര്‍ തിങ്‌സ് ചിത്രത്തിലെ അഭിനേതാവ് റാമി യൂസഫ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണ് ചുവന്ന ബാഡ്ജ് ധരിച്ചതെന്ന് പ്രതികരിച്ചു.
പലസ്തീന്‍ ജനതയ്ക്ക് ശാശ്വതമായ നീതിയും സമാധാനവും വേണമെന്നും അവിടെ കുട്ടികള്‍ കൊല്ലപ്പെടുന്നത് തടയണമെന്നും റാമി യൂസഫ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡന് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് തുറന്നകത്ത് എഴുതിയ സിനിമാ പ്രവര്‍ത്തകരുടെ (Artists4Ceasefire) ശ്രമത്തിന്റെ ഭാഗമാണ് പലസ്തീന്‍ അനുകൂല ബാഡ്ജുകള്‍. ജെനിഫര്‍ ലോപ്പസ്, കേറ്റ് ബ്ലാന്‍ചെ, ഡ്രേക്ക്, ബെന്‍ എഫ്ലക്, ഈ വര്‍ഷത്തെ ഓസ്‌കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ബ്രാഡ്ലി കൂപ്പര്‍, അമേരിക്ക ഫെരേര ഉള്‍പ്പെടെ 400 പേര്‍ കത്തില്‍ ഒപ്പുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഓസ്‌കാര്‍ വേദിയില്‍ ചുവന്ന ബാഡ്ജ് ധരിച്ച് ഏതാനും താരങ്ങള്‍ എത്തിയത്.