TMJ
searchnav-menu
post-thumbnail

TMJ Daily

രാജ്യത്ത് കോവിഡ് രോഗികള്‍ പതിനായിരത്തിനു മുകളില്‍; പോസിറ്റിവിറ്റി 7.03%

23 Apr 2023   |   1 min Read
TMJ News Desk

രാജ്യത്ത് ഇന്നും കോവിഡ് കേസുകള്‍ 10,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 10,112 പുതിയ കേസുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.03 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.43 ശതമാനവുമാണ്.

ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 67,806 ആയി. 29 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ആകെ മരണം 5,31,329 ആയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 4.48 കോടി ജനങ്ങള്‍ക്ക് രോഗം ബാധിച്ചു. 22,066 കോടി ഡോസ് കോവിഡ് വാക്‌സിനുകള്‍ ഇതിനകം വിതരണം ചെയ്തു.

അതേസമയം, കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധയുള്ള സ്ഥലങ്ങളില്‍ പകര്‍ച്ച തടയാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിനു പുറമെ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് മുതല്‍ രാജ്യത്ത് കോവിഡ് തോത് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

കേരളത്തിലെ എല്ലാ ജില്ലകളിലും ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതലാണ്. ഏറ്റവും അധികം എറണാകുളം ജില്ലയിലാണ്. 35 ശതമാനം. ഏറ്റവും കുറവ് 20 ശതമാനമുള്ള ആലപ്പുഴയിലാണ്. സംസ്ഥാനത്തെ ആകെ ടിപിആര്‍ 28.25 ശതമാനമാണ്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലായാല്‍ സമൂഹവ്യാപന സൂചനയാണ് നല്‍കുന്നത്. രാജ്യത്ത് ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവുമധികം ടിപിആര്‍ കേരളത്തിലാണ്.


 

#Daily
Leave a comment