
ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുമായി അന്‍വര്‍
യുഡിഎഫ് നേതാക്കള്‍ മുന്നണിയിലേക്കുള്ള വാതില്‍ അടച്ചതിനെ തുടര്‍ന്ന് പി വി അന്‍വര്‍ സ്വന്തം മുന്നണിയുമായി രംഗത്ത്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്നാണ് പേര്. മുന്നണിയിലേക്കുള്ള വാതില്‍ അടച്ചുവെന്ന് ഇന്നലെ കണ്‍വീനര്‍ അടൂര്‍ പ്രകാശും വ്യക്തമാക്കിയിരുന്നു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി ഇന്ന് അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നത്തിലോ സ്വതന്ത്ര ചിഹ്നത്തിലോ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
തനിക്കെതിരെ എതിരാളികള്‍ വ്യക്തിഹത്യ നടത്തുകയാണെന്നും അതിനെ പ്രതിരോധിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും എന്നാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും അന്‍വര്‍ ഇന്നലെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി വഞ്ചകന്‍ എന്ന് വിളിച്ചതിന് കൃത്യമായ മറുപടി നല്‍കുമെന്നും ജനം വഞ്ചകരെ തോല്‍പ്പിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
പിണറായിയും വി ഡി സതീശനും ഒരു ഭാഗത്തും മറുഭാഗത്ത് ജനങ്ങളും നില്‍ക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.


