
പസിഫിക് സമുദ്രതീരം സുനാമി മുന്നറിയിപ്പിൽ
റഷ്യയിലെ ഫാർ ഈസ്റ്റേൺ കാംചത്ക ഉപദ്വീപിൽ - ബുധനാഴ്ച റിക്‌റ്റർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും, 4 മീറ്റർ (13 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾ പസഫിക് സമുദ്രതീരമാകെ മുന്നറിയിപ്പ് നൽകി. ജനവാസ മേഖലകളിൽ നിന്നും ആളുകൾക്ക് ഒഴിഞ്ഞുപോവാനും നിർദേശം നൽകി.
ജപ്പാനിൽ 2011ൽ ഉണ്ടായ ശക്തമായ, ഭൂകമ്പവും സുനാമിയും മൂലം തകർന്ന കിഴക്കൻ കടൽത്തീരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടപ്പോൾ, വിദൂരമായ റഷ്യൻ പ്രദേശങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായി വാർത്ത ഏജൻസികൾ പറയുന്നു.
"ഇന്നത്തെ ഭൂകമ്പം ഗുരുതരവും പതിറ്റാണ്ടുകളായി ഉണ്ടായ ഭൂകമ്പങ്ങളിൽ ഏറ്റവും ശക്തവുമായിരുന്നു," കാംചത്ക ഗവർണർ വ്‌ളാഡിമിർ സോളോഡോവ് ടെലിഗ്രാം മെസേജിംഗ് ആപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. കാംചത്കയുടെ ചില ഭാഗങ്ങളിൽ 3-4 മീറ്റർ (10-13 അടി) ഉയരമുള്ള സുനാമി തിരമാലകൾ രേഖപ്പെടുത്തിയതായി അടിയന്തര സാഹചര്യങ്ങൾക്കായുള്ള പ്രാദേശിക മന്ത്രി സെർജി ലെബെദേവ് പറഞ്ഞു. തീരപ്രദേശത്ത് നിന്നും ഒഴിഞ്ഞുപോവാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.
19.3 കിലോമീറ്റർ ആഴത്തിൽ 1,65,000 ജനസംഖ്യയുള്ള പെട്രോപാവ്‌ലോവ്‌സ്ക്-കാംചത്സ്‌കിയുടെ കിഴക്ക്-തെക്കുകിഴക്കായി 119 കിലോമീറ്റർ കേന്ദ്രീകരിച്ചായിരുന്നു ഭൂകമ്പം ഉണ്ടായതെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നേരത്തെ 8.0 ആയിരുന്നത് റിക്ടർ സ്‌കെയിലിൽ നിന്ന് പുതുക്കി, തൊട്ടുപിന്നാലെ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടർചലനവും റിപ്പോർട്ട് ചെയ്തു.
ജപ്പാന്റെ കാലാവസ്ഥാ ഏജൻസി അവരുടെ തീരപ്രദേശങ്ങളിൽ 3 മീറ്റർ (10 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ എത്തുമെന്ന് പ്രവചിച്ചു. ജപ്പാന്റെ പസഫിക് തീരത്തുടനീളമുള്ള തീരദേശ പട്ടണങ്ങളിൽ സുനാമി മുന്നറിയിപ്പ് മുഴങ്ങി. ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാൻ അധികാരികൾ ജനങ്ങളോട് ആവശ്യപ്പെട്ടു.
വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ, കടുത്ത വെയിലിനെ വകവയ്ക്കാതെ നിരവധി പേർ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ അഭയം പ്രാപിച്ചിരിക്കുന്ന ദൃശങ്ങൾ ജാപ്പനീസ് ടെലിവിഷൻ എൻഎച്ച്‌കെയി സംപ്രേഷണം ചെയ്തു. മത്സ്യബന്ധന ബോട്ടുകൾ തുറമുഖങ്ങളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
2011ലെ സുനാമിയെത്തുടർന്നുള്ള ആണവ ദുരന്തത്തിന് കാരണമായ ഫുകുഷിമ ആണവ നിലയത്തിൽ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചു. ചെറിയ തിരമാലകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും ഇതുവരെ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, ഒരു ആണവ നിലയത്തിലും കേടുപാടുകൾ ഇല്ലെന്നും ജപ്പാന്റെ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു.
പസഫിക് സമുദ്ര തീരത്തുടനീളം മുന്നറിയിപ്പുകൾ
അടുത്ത മണിക്കൂറുകളിൽ "അപകടകരമായ സുനാമി തിരമാലകൾ" ഉണ്ടാകുമെന്ന് അമേരിക്കൻ സുനാമി മുന്നറിയിപ്പ് സംവിധാനവും മുന്നറിയിപ്പ് നൽകി.
റഷ്യയുടെയും, ഇക്വഡോറിന്റെയും ചില തീരങ്ങളിൽ 3 മീറ്ററിൽ കൂടുതൽ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജപ്പാൻ, ഹവായ്, ചിലി, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിൽ 1-3 മീറ്ററിൽ കൂടുതൽ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് പറഞ്ഞു. അമേരിക്കയുടെ പടിഞ്ഞാറൻ തീരം ഉൾപ്പെടെ പസഫിക്കിന്റെ മിക്ക തീരപ്രദേശങ്ങളിലും ചെറിയ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് പറഞ്ഞു.
"പസഫിക് സമുദ്രത്തിൽ ഉണ്ടായ ഒരു വലിയ ഭൂകമ്പം കാരണം, ഹവായിയിൽ താമസിക്കുന്നവർക്ക് സുനാമി മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്," അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു


