
പഹല്‍ഗാം ആക്രമണം: സര്‍വകക്ഷിയോഗം ഇന്ന് വൈകുന്നേരം
ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ച്ച നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട വിഷയവും തുടര്‍ന്നുള്ള സാഹചര്യവും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് വൈകുന്നേരം ആറ് മണിക്ക് നടക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ബന്ധപ്പെട്ടുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ ഇന്ത്യ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയിരുന്നു. കൂടാതെ, നയതന്ത്ര തലത്തിലും നടപടികള്‍ സ്വീകരിച്ചിരുന്നു.
പഹല്‍ഗാം ആക്രമണ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലും അതിന്റെ തലസ്ഥാനമായ ലേയിലും സന്ദര്‍ശനം നടത്തുന്നതിന് വിലക്കില്ല.
അതേസമയം, കോണ്‍ഗ്രസ് അടിയന്തര വര്‍ക്കിങ് കമ്മിറ്റി യോഗം ചേര്‍ന്നു. പഹല്‍ഗാം ആക്രമണത്തെ അപലപിക്കുന്ന പ്രമേയം പാസാക്കുമെന്ന് കരുതുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ജയറാം രമേശ്, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ന്യൂഡല്‍ഹിയിലെ അക്ബര്‍ റോഡിലെ ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.
യുഎസ് സന്ദര്‍ശനം നടത്തുകയായിരുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഡല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു.
ഇന്ത്യ കടുത്ത നടപടികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാകിസ്താനിലും അടിയന്തര കൂടിയാലോചനകള്‍ നടക്കുന്നു. പാകിസ്താന്‍ ഭൂതല മിസൈല്‍ പരീക്ഷിക്കുമെന്നും പാക് നാവിക സേന സൈനികാഭ്യാസം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.