
പഹല്‍ഗാം ആക്രമണം: വാജ്‌പേയിയുടെ മാതൃക മോഡി പിന്തുടരുമോയെന്ന് കോണ്‍ഗ്രസ്
1999ല്‍ കാര്‍ഗില്‍ യുദ്ധം അവസാനിച്ച് മൂന്ന് ദിവസത്തിനകം കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് അവലോകനം ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത് പോലെ പഹല്‍ഗാം ഭീകരാക്രമണം അവലോകനം ചെയ്യാന്‍ സമിതിയെ നിയോഗിക്കാന്‍ മോഡി തയ്യാറാകുമോയെന്ന് കോണ്‍ഗ്രസ്. കാര്‍ഗില്‍ അവലോകന സമിതിയുടെ റിപ്പോര്‍ട്ട് 2000 ഫെബ്രുവരി 23ന് പാര്‍ലമെന്റില്‍വയ്ക്കുകയും ചെയ്തിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്, എക്‌സില്‍ പോസ്റ്റ് ചെയ്തു.
ആ കമ്മിറ്റിയുടെ തലവന്‍ കെ സുബ്രഹ്‌മണ്യന്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ മകനാണ് ഇപ്പോഴത്തെ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രിയെന്നും ജയറാം രമേശ് ഓര്‍മ്മിപ്പിച്ചു.
ഇപ്പോള്‍ പഹല്‍ഗാം ഭീകരാക്രമണം അന്വേഷിക്കുന്നത് എന്‍ഐഎയാണ്.
ഓപ്പറേഷന്‍ സിന്ദൂറിനേയും ഇന്ത്യാ-പാക് ചര്‍ച്ചകളേയും കുറിച്ച് യുഎസില്‍ നിന്നും പ്രസ്താവനകള്‍ വന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗവും പ്രത്യേക പാര്‍ലമെന്റ് സമ്മേളനവും നടത്തേണ്ടത് വളരെ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്താനും സംഘര്‍ഷം അവസാനിപ്പിച്ചാല്‍ യുഎസ് ധാരാളം വ്യാപാരം നടത്താമെന്ന വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു.


