TMJ
searchnav-menu
post-thumbnail

TMJ Daily

പഹല്‍ഗാം ആക്രമണം: ഇന്റലിജന്‍സ് പരാജയവും സുരക്ഷാ വീഴ്ച്ചകളും പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്

24 Apr 2025   |   1 min Read
TMJ News Desk

പ്രില്‍ 21ന് നടന്ന പഹല്‍ഗാം ആക്രമണത്തിലേക്ക് നയിച്ച ഇന്റലിജന്‍സ് പരാജയവും സുരക്ഷാ വീഴ്ച്ചകളും സമഗ്രമായി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതിന് പാകിസ്താനെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഭീകരാക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. കേന്ദ്രം സര്‍വകകക്ഷിയോഗം വിളിക്കണമെന്ന് ഏപ്രില്‍ 22ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും സിപിപി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയും ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തു.

പാകിസ്താന്‍ ആസൂത്രണം ചെയ്ത ഭീരുത്വം നിറഞ്ഞതും കണക്കുകൂട്ടിയുള്ളതുമായ ഭീകര പ്രവൃത്തി നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ക്കുമേലുള്ള പ്രത്യക്ഷ ആക്രമണം ആണെന്ന് കോണ്‍ഗ്രസ് പ്രമേയത്തില്‍ പറഞ്ഞു. രാജ്യത്തുടനീളം വികാരങ്ങള്‍ കത്തിക്കുന്നതിനാണ് ബോധപൂര്‍വം ഹിന്ദുക്കളെ ആക്രമിച്ചതെന്നും പ്രമേയത്തില്‍ പറഞ്ഞു.

'ത്രിതല സുരക്ഷാ ക്രമീകരണമുള്ള കനത്ത സുരക്ഷാ വലയമുള്ള പ്രദേശമാണ് പഹല്‍ഗാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴില്‍ വരുന്ന കേന്ദ്രഭരണ പ്രദേശത്ത് അത്തരമൊരു ആക്രമണം നടക്കാന്‍ കാരണമായ ഇന്റലിജന്‍സ് പരാജയവും സുരക്ഷാ വീഴ്ച്ചകളും സമഗ്രമായി പരിശോധിക്കണം. പൊതുജന താല്‍പര്യത്തിനായി ഇത്തരം ചോദ്യങ്ങള്‍ ഉറപ്പായും ഉയര്‍ത്തണം,' പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഈ ദുരന്തത്തെ ചൂഷണം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഐക്യവും ഐക്യമത്യവും ഏറ്റവും ആവശ്യമായ ഈ സമയത്ത് ബിജെപി ഔദ്യോഗിക, പ്രോക്‌സി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതല്‍ ഭിന്നതയും അവിശ്വാസവും ധ്രുവീകരണവും വിഭജനവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഇന്ന് വൈകുന്നേരം ആറ് മണിക്ക് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സര്‍വകക്ഷി യോഗത്തില്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.






#Daily
Leave a comment