TMJ
searchnav-menu
post-thumbnail

TMJ Daily

പഹല്‍ഗാം ആക്രമണം: രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

25 Apr 2025   |   1 min Read
TMJ News Desk

കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കെടുത്തുവെന്ന് സംശയിക്കുന്ന രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരായ ആസിഫ് ഷെയ്ഖ്, ആദില്‍ തൊക്കര്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.

കശ്മീരികളായ രണ്ട് പേര്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്താനിലേക്ക് പോയിരുന്നുവെന്നും പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ആസിഫിന്റെ പുല്‍വാമയിലെ വീടും ആദിലിന്റെ അനന്ത്‌നാഗിലെ വീടുമാണ് സ്‌ഫോകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്. എന്നാല്‍ ഈ തകര്‍ക്കലിനെ കുറിച്ച് പൊലീസ് പ്രസ്താവന ഇറക്കിയിട്ടില്ല.

ഏപ്രില്‍ 22ന് പഹല്‍ഗാമിലെ ബൈസാരന്‍ പുല്‍മേടില്‍ ഒരു സംഘം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപപ്പെട്ടത്. ആക്രമണ സംഘത്തില്‍ ആകെ അഞ്ച് പേര്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ മൂന്ന് പേര്‍ പാകിസ്താനികളും രണ്ട് പേര്‍ ഇന്ത്യാക്കാരുമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം, ജമ്മുകശ്മീരിലെ ബന്ദിപ്പൊര ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. പഹല്‍ഗാം ആക്രമണത്തിനുശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്.

ബന്ദിപ്പൊരയിലെ കുല്‍നാര്‍ ബാസിപൊര മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുമ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

വെള്ളിയാഴ്ച്ച സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ വടക്കന്‍ കശ്മീരിലെ ഉറി മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചപ്പോഴാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ ഉദ്ദംപൂര്‍ ജില്ലയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും കൊല്ലപ്പെട്ടു.





#Daily
Leave a comment