
പഹല്‍ഗാം ആക്രമണം: വിദേശകാര്യമന്ത്രിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി സംഭാഷണം നടത്തി
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും ടെലഫോണില്‍ ചര്‍ച്ച നടത്തി. ഭീകരതയ്‌ക്കെതിരെ ഇന്ത്യയുമായി സഹകരിക്കാനുള്ള പ്രതിജ്ഞാബദ്ധത യുഎസ് ആവര്‍ത്തിച്ചു.
സംഘര്‍ഷം കുറയ്ക്കുന്നതിനായി പാകിസ്താനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ദക്ഷിണേഷ്യയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്താനും റൂബിയോ ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തവരേയും പിന്തുണച്ചവരേയും ആസൂത്രണം ചെയ്തവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ജയശങ്കര്‍ റൂബിയോയോട് പറഞ്ഞു.
സാഹചര്യം വഷളാക്കരുതെന്ന് ഇരുരാജ്യങ്ങളോടും യുഎസ് ആവശ്യപ്പെട്ടു.
അതേസമയം, ഷരീഫ് സാഹചര്യം വഷളാക്കുന്നത് ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തി. ഇന്ത്യയോട് വാചകമടി കുറയ്ക്കാനും ഉത്തരവാദിത്വത്തോടെ പെരുമാറാനും ആവശ്യപ്പെടണമെന്ന് യുഎസിനോട് ഷരീഫ് പറഞ്ഞുവെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന പറയുന്നു.
അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടി ആരംഭിക്കുമെന്നുള്ള ഇന്റലിജന്‍സ് വിവരം ലഭിച്ചുവെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗള്ള തരാര്‍ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, സാഹചര്യം നിരീക്ഷിക്കുകയാണെന്ന് റൂബിയോ പറഞ്ഞു.
ഇന്ത്യയുടെ വ്യോമമേഖല ഉപയോഗിക്കുന്നതില്‍ നിന്നും ഇന്നലെ പാകിസ്താനെ വിലക്കിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍നിന്നുള്ള ജനശ്രദ്ധ തിരിച്ചുവിടാന്‍ മോഡി സര്‍ക്കാര്‍ ജാതി സെന്‍സസിനെ ഉപയോഗിക്കുന്നുവെന്ന് എഎപി എംപി സഞ്ജയ് സിങ് ആരോപിച്ചു. ആക്രണത്തില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ജാതി സെന്‍സസിനെ എഎപി പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാര്‍ ജാതി സെന്‍സസിനെ മറക്കരുതെന്നും സിങ് പറഞ്ഞു.


