
പഹല്‍ഗാം: ഇന്ത്യന്‍ ആക്രമണ ഭീഷണി കുറയ്ക്കാന്‍ പാക്കിസ്താന്‍ ഗള്‍ഫ് സഹായം തേടി
പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ ഉയര്‍ത്തുന്ന ആക്രമണ ഭീഷണി കുറയ്ക്കുന്നതിനായി പാകിസ്താന്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി. ഇന്ത്യ പാകിസ്താനെ ആക്രമിക്കുമെന്ന പ്രതീതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പാക് നീക്കം. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഗള്‍ഫ് സഖ്യരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ഭീഷണി കുറയ്ക്കുന്നതിനുള്ള സഹായം തേടുകയും ചെയ്തു.
ഷെഹബാസ് സൗദി, കുവൈറ്റ്, യുഎഇ അംബാസിഡര്‍മാരുമായി വെവ്വേറ കൂടിക്കാഴ്ച്ചകളാണ് നടത്തിയത്. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാമില്‍ ആക്രമണത്തിലുള്ള പാക് നിലപാട് പ്രധാനമന്ത്രി അംബാസിഡര്‍മാരുമായി പങ്കുവയ്ക്കുകയും ചെയ്തു.
സംഘര്‍ഷ ഭീഷണി കുറയ്ക്കുന്നതിനായി ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സൗദി അറേബ്യ അടക്കമുള്ള സഹോദര രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചുവെന്ന് ഷെഹബാസിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ദക്ഷിണേഷ്യയിലെ സമാധാനം, സുസ്ഥിരത എന്നിവയോടുള്ള പാകിസ്താന്റെ പ്രതിജ്ഞാബദ്ധത പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
കശ്മീരിലെ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ പാകിസ്താന് യാതൊരു പങ്കുമില്ലെന്ന് യുഎഇ അംബാസിഡര്‍ ഹമദ് ഒബൈദ് ഇബ്രാഹിം സലേം എല്‍-സാബിയോട് പാക് പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസ്യയോഗ്യവും സുതാര്യവും നിക്ഷ്പക്ഷവുമായ അന്താരാഷ്ട്ര അന്വേഷണത്തില്‍ പങ്കുചേരാനുള്ള വാഗ്ദാനവും ഷഹബാസ് മുന്നോട്ടുവച്ചു.


